ആറ്റിങ്ങലിൽ നിന്ന് ഗുരുവായൂരിലേക്കുള്ള സൂപ്പർഫാസ്റ്റ് നിർത്തി

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നിന്ന് ഗുരുവായൂരിലേക്കുള്ള സൂപ്പർഫാസ്റ്റ് ബസിന്റെ സർവീസ് ഞായറാഴ്ച മുതൽ നിർത്തലാക്കി. ആറ്റിങ്ങൽ മേഖലയിലുള്ളവർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാൻപോകാനുള്ള സൗകര്യത്തിനായി ആരംഭിച്ച സർവീസാണ് കെ.എസ്.ആർ.ടി.സി. നിർത്തലാക്കിയത്. ഇതോടെ ആറ്റിങ്ങലിൽ നിന്നുണ്ടായിരുന്ന ഒരേയൊരു സൂപ്പർഫാസ്റ്റ് സർവീസും ഇല്ലാതാവുകയാണ്.

ആറ്റിങ്ങൽ ഡിപ്പോയിൽനിന്ന് ഓർഡിനറി സർവീസുകൾക്കുപുറമേ 26 ഫാസ്റ്റ് പാസഞ്ചർ സർവീസുകളും ഒരു സൂപ്പർഫാസ്റ്റ് സർവീസുമാണ് നടത്തിയിരുന്നത്. ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ ഒന്ന് കോട്ടയം-തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. മറ്റൊരു സർവീസ് കരുനാഗപ്പള്ളി തിരുവനന്തപുരമാണ്. ബാക്കിയെല്ലാം തിരുവനന്തപുരം-കൊല്ലം റൂട്ടിലാണ് സർവീസ് നടത്തുന്നത്. ആറ്റിങ്ങൽ ഡിപ്പോയുടെ വരുമാനത്തിന്റെ നല്ലൊരുശതമാനം ഫാസ്റ്റ് പാസഞ്ചർ സർവീസുകളുടേതാണ്. വർഷങ്ങൾക്കുമുൻപ്‌ ആറ്റിങ്ങലിൽനിന്ന് തെങ്കാശിയിലേക്ക്‌ ഫാസ്റ്റ് പാസഞ്ചർ സർവീസുണ്ടായിരുന്നു. യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായിരുന്ന ഈ സർവീസും കാരണംകൂടാതെ കെ.എസ്.ആർ.ടി.സി. നിർത്തലാക്കുകയായിരുന്നു.

ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ 11 എണ്ണം ഇവിടെ നിലനിർത്തിയശേഷം ബാക്കി ബസുകൾ തിരുവനന്തപുരം ഡിപ്പോയ്ക്ക് കൈമാറാൻ ഒരാഴ്ച മുൻപ്‌ നിർദേശം വന്നിരുന്നു. ആറ്റിങ്ങലിലേക്കുള്ള അവസാന ട്രിപ്പിൽ പല ബസുകളിലും യാത്രക്കാരുടെ എണ്ണം കുറവാണ്. ഇതുനിമിത്തമുണ്ടാകുന്ന നഷ്ടം ഒഴിവാക്കാൻ വേണ്ടിയാണ് ബസുകൾ തിരുവനന്തപുരം ഡിപ്പോയ്ക്ക് കൈമാറാൻ നിർദേശം വന്നത്. എന്നാൽ, പിന്നീട് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പഴയനില തുടരാൻ നിർദേശമുണ്ടായി. ഇതിനെത്തുടർന്നാണ് സൂപ്പർഫാസ്റ്റ് സർവീസ് നിർത്തലാക്കിക്കൊണ്ടുള്ള അറിയിപ്പുവന്നത്.

എല്ലാദിവസവും വൈകീട്ട് 3.15-ന് ആറ്റിങ്ങലിൽനിന്ന് ഗുരുവായൂരിലേക്കു പുറപ്പെടുന്നതായിരുന്നു ഈ സൂപ്പർഫാസ്റ്റ്. പുലർച്ചെ 5-ന് ഗുരുവായൂരിൽനിന്ന് ആറ്റിങ്ങലിലേക്കും സർവീസ് നടത്തിയിരുന്നു. ഗുരുവായൂരിൽ പോകാൻ ഈ ബസിനെ ആശ്രയിക്കുന്ന ധാരാളം യാത്രക്കാരുണ്ടായിരുന്നു. സർവീസ് നിർത്തി ബസ് നെടുമങ്ങാട് ഡിപ്പോയ്ക്ക് കൈമാറാനായിരുന്നു നിർദേശം. ഇതനുസരിച്ച് ഞായറാഴ്ച തന്നെ ബസ് നെടുമങ്ങാട് ഡിപ്പോയ്ക്ക് കൈമാറി. ഈ സർവീസ് തുടർന്നും ഉണ്ടാകുമോ ഇല്ലയോ എന്നതുസംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. സൂപ്പർഫാസ്റ്റും ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ സർവീസുകളും നിർത്തലാക്കുന്നത് ആറ്റിങ്ങൽ ഡിപ്പോയെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്