ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പഴയ ടിക്കറ്റ് റാക്ക് സംവിധാനം വീണ്ടും??

ആറ്റിങ്ങൽ : ഗുണനിലവാരമില്ലാത്ത ടിക്കറ്റ് മെഷീനുകൾ തുടർച്ചയായി പണിമുടക്കുന്നതോടെ ആറ്റിങ്ങൽ  കെ.എസ് ആർ.ടി.സി ഡിപ്പോയിൽ പഴയ ടിക്കറ്റ് റാക്ക് സംവിധാനം വീണ്ടും വരുന്നതായി വിവരം. വെളുപ്പിന് ആദ്യ സർവ്വീസ് തുടങ്ങുമ്പോൾ കൊണ്ട് പോകുന്ന മെഷീൻ തിരിച്ച് ഡിപ്പോയിൽ എത്തുന്നതിന് മുൻപ് പണിമുടക്കി കഴിയും. ഇത് വ്യാപകമായതോടെ യാത്രക്കാരുടെയും കണ്ടക്ടർമാരുടെ ഇടയിലും പരാതി വ്യാപകമായി. ഇതോടെ ആറ്റിങ്ങലിൽ നിന്നും പുറപ്പെടുന്ന ചില ഓർഡനറി സർവീസുകളിൽ ടിക്കറ്റ് റാക്ക് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണത്രെ. തകരാറിലാകുന്ന മെഷീനുകൾ യഥാസമയം അറ്റകുറ്റപണി തീർക്കാത്തത് കാരണമാണ് പഴയ ടിക്കറ്റ് റാക്കിലേക്ക് വീണ്ടും ചെന്നെത്തുന്നത്. കെ.എസ് ആർ ടി.സിക്ക് മെഷീൻ സംവിധാനത്തിലൂടെ വർഷം കോടികൾ സമ്പാദിക്കാമെന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയ പദ്ധതി ഇപ്പോൾ കോടികളുടെ നഷ്ടത്തിലേക്കാണ് നടന്ന് നീങ്ങുന്നതെന്ന് ജനങ്ങൾ ആക്ഷേപിക്കുന്നു.