ആറ്റിങ്ങലിൽ എം.പി ഓഫീസ് ഉടൻ : അഡ്വ അടൂർ പ്രകാശ്

കിഴുവിലം : തെരഞ്ഞെടുപ്പ് പര്യടന സമയത്ത് യു.ഡി.എഫ് സ്ഥാനാർഥി പ്രധാന വാഗ്ദാനമായി നൽകിയിരുന്ന ഒന്നാണ് ആറ്റിങ്ങൽ കേന്ദ്രീകരിച്ചുള്ള എംപി ഓഫീസ്. അത് ഉടൻ നടപ്പിലാക്കുമെന്ന് നിയുക്ത എം പി അടൂർപ്രകാശ് പറഞ്ഞു. കിഴുവിലം ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ തെരഞ്ഞെടുപ്പ് പരിപാടിക്കുശേഷം നിയുക്ത എംപിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ പ്രകാശിന്റെ ആറ്റിങ്ങൽ മണ്ഡലത്തിലെ ആദ്യത്തെ പൊതു പരിപാടിയായിരുന്നു അത്.

തീരദേശം മുതൽ മലയോരമേഖല വരെ ഉൾപ്പെടുന്ന ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വികസന മുരടിപ്പാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓരോ പ്രദേശത്തിനും ആവശ്യമായ വികസനങ്ങൾ ഒരു പാർലമെൻററി അംഗമെന്ന നിലയിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിന് കീഴിൽ വരുന്ന പ്രദേശങ്ങളിൽ കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പര്യടന സമയത്ത് ഒട്ടനവധി വിഷയങ്ങളാണ് താൻ മനസ്സിലാക്കിയത് എന്നും ഇനി ഒരു പര്യടനം കൂടി നടത്തി ഓരോ പ്രദേശത്തിൻറെയും ആവശ്യം കൂടുതൽ മനസ്സിലാകുമെന്നും അഡ്വ അടൂർ പ്രകാശ് പറഞ്ഞു. ഓരോ നാടിനും എന്തൊക്കെയാണ് ആവശ്യമെന്ന് എന്ന് കൂടുതൽ വ്യക്തമായി പഠിച്ച ശേഷം അത് നടപ്പിൽ വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.