പൊളിഞ്ഞു വീഴാറായ ആറ്റിങ്ങൽ കൊട്ടാരം!

ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊട്ടാരം സംരക്ഷിക്കാൻ നടപടികളില്ല. കൊട്ടാരക്കെട്ടിന്റെ മുഖമണ്ഡപം പൊളിഞ്ഞുവീണു തുടങ്ങി. ഒരു മഴക്കാലംകൂടി താങ്ങാൻ ഈ പുരാതന എടുപ്പിനു കഴിയില്ലെന്നു നാട്ടുകാർ പറയുന്നു. കൊട്ടാരക്കെട്ട് നവീകരിക്കുന്നതിനോ പുരാവസ്തുവകുപ്പിനു കൈമാറുന്നതിനോ തയ്യാറാകാത്ത ദേവസ്വം ബോർഡിന്റെ നിലപാട് കനത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

തിരുവിതാംകൂർ രാജകുടുംബത്തിന്റെ അമ്മവീടെന്നനിലയിലും അഞ്ചുതെങ്ങ് കലാപത്തിന്റെ കേന്ദ്രബിന്ദുവെന്നനിലയിലും കൊട്ടാരത്തിനുള്ള ചരിത്രപ്രാധാന്യം വളരെ വലുതാണ്. കൊട്ടാരംവക ക്ഷേത്രങ്ങളും അതിനോടനുബന്ധിച്ചുള്ള കെട്ടിടങ്ങളും ഊട്ടുപുരയും മുഖമണ്ഡവുമുൾപ്പെടുന്ന സ്ഥലങ്ങളെല്ലാം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലാണിപ്പോൾ. ഇവയുടെ ഉടമസ്ഥാവകാശവും സംരക്ഷണാവകാശവുമെല്ലാം ദേവസ്വം ബോർഡിനാണ്. എന്നാൽ, ഈ കൊട്ടാരക്കെട്ടുകൾ സംരക്ഷിക്കുന്നതിനുവേണ്ടി ദേവസ്വംബോർഡ് യാതൊന്നും ഇതുവരെ ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

ഏകദേശം പത്തേക്കർ വിസ്തൃതിയിലാണ് കൊട്ടാരസമുച്ചയം. ഇതിൽ നാലു ക്ഷേത്രങ്ങളുൾപ്പെടുന്ന വലിയൊരുഭാഗം ദേവസ്വം ബോർഡിനു കൈമാറുകയായിരുന്നു. ചാവടിക്കു വലതുവശത്തുള്ള ഭാഗം രാജകുടുംബാംഗങ്ങൾ സ്വകാര്യവ്യക്തികൾക്കു കൈമാറി. ഈ ഭാഗത്തെ നാശാവസ്ഥയിലായ കെട്ടിടങ്ങൾ അടുത്തിടെ ഉടമസ്ഥർ പൊളിച്ചുനീക്കി. ദേവസ്വം ബോർഡിന്റെ കൈവശമുള്ള ഭാഗമെങ്കിലും സംരക്ഷിച്ചുനിലനിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ആവശ്യം മുറുകുമ്പോൾ ദേവസ്വം ബോർഡധികൃതർ ഒരു സന്ദർശനം നടത്തി മടങ്ങുന്നതാണ് പതിവ്. 2018 ജൂൺ 13-ന് ദേവസ്വം ബോർഡ് പ്രസിഡന്റ്‌ എ.പദ്മകുമാർ, അംഗം കെ.പി.ശങ്കരദാസ്, ചീഫ് എൻജിനീയർ ജി.എൽ.വിനയകുമാർ എന്നിവർ കൊട്ടാരം സന്ദർശിക്കുകയും നാട്ടുകാരും ജനപ്രതിനിധികളുമായി ചർച്ച നടത്തുകയും ചെയ്തു. ദേവസ്വം ബോർഡിന്റെ കൈവശമുള്ള കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കുമെന്നും ഇതിനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും പ്രസിഡന്റ് അന്ന് അറിയിച്ചിരുന്നു. ഒരു വർഷമായിട്ടും ഇവിടെ യാതൊന്നും സംഭവിച്ചിട്ടില്ല.

കേരളീയ വാസ്തുശില്പ മാതൃകയിൽ കല്ലും മരവും കൊണ്ടാണ് കൊട്ടാരം നിർമിച്ചിട്ടുള്ളത്. കൊട്ടാരത്തിനുപുറത്ത് കിഴക്കുവശത്ത് രണ്ടു എടുപ്പുകളുണ്ട്. ആവണിപുരം ശ്രീകൃഷ്ണക്ഷേത്രത്തിലേക്കുള്ള പ്രവേശന വഴിയിൽ നിർമിച്ചിട്ടുള്ള ചാവടിയും ഇതിനുസമീപത്ത് ഉയർന്ന തട്ടിൽ നിർമിച്ചിട്ടുള്ള മുഖമണ്ഡപവും തകർന്നുവീഴാറായ ചാവടിയും ഏതാനും വർഷംമുമ്പ് കൊട്ടാരം കുടുംബാംഗങ്ങൾ ഇടപെട്ട് പുതുക്കിപ്പണിതു.

മണ്ഡപക്കെട്ട് എന്നറിയപ്പെടുന്ന കൊട്ടാരത്തിന് എട്ടുകെട്ടിന്റെ മാതൃകയാണ്. കൊട്ടാരത്തിന്റെ പ്രൗഢി വിളിച്ചറിയിക്കുന്നത് ഇതിന്റെ മുഖമണ്ഡപമാണ്. ഇത് പൊളിഞ്ഞുവീണുതുടങ്ങി. ഏതുനിമിഷവും തകർന്നുവീഴാവുന്ന നിലയിലാണ്. മേൽക്കൂരയിലെ ഓടുതകർന്ന് വെള്ളമിറങ്ങി കൂര ദ്രവിച്ച് ഒടിഞ്ഞുതൂങ്ങിയിട്ടുണ്ട്.

ഗോപുരമുകളിലേക്കുള്ള ഗോവണിയും തട്ടുമെല്ലാം പൊളിഞ്ഞുവീണു. മണ്ഡപക്കെട്ടിനുള്ളിലാണ് പള്ളിയറ ഭഗവതിയെ കുടിയിരുത്തിയിട്ടുള്ളത്. ഇതിനോടുചേർന്നുള്ള ഊട്ടുപുരയിൽ നാലുവർഷം മുമ്പുവരെ ദേവസ്വം ബോർഡിന്റെ ക്ഷേത്ര കലാപീഠം പ്രവർത്തിച്ചിരുന്നു. അതു നിർത്തലാക്കിയതോടെ ഇവിടെ ആളനക്കവും കെട്ടു.

കൊട്ടാരക്കെട്ടുകൾ പുരാവസ്തുവകുപ്പിനു കൈമാറി സംരക്ഷിത സ്മാരകമാക്കുന്നതിനുള്ള നടപടികളുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അഞ്ചുതെങ്ങ് കലാപസ്മാരകം ഉൾപ്പെടുന്ന ഗവേഷണകേന്ദ്രം സ്ഥാപിച്ച് വിനോദസഞ്ചാരമേഖലയിലും ചരിത്രഗവേഷണമേഖലയിലും വൻ സാധ്യതകൾ തുറന്നിടുന്നതിനുള്ള പദ്ധതിയും നാട്ടുകാർ സമർപ്പിച്ചിട്ടുണ്ട്. ഇതൊന്നും പരിഗണിക്കുന്നതിനോ പൊളിഞ്ഞുവീഴുന്ന കൊട്ടാരം നവീകരിക്കുന്നതിനോ അധികൃതർ തയ്യാറായിട്ടില്ല.