ഇതെന്താ ഗുണ്ടായിസമോ?.ആറ്റിങ്ങലിൽ സ്വകാര്യ ബസ് ജീവനക്കാരൻ വിദ്യാർത്ഥിയെ തള്ളി നിലത്തിട്ട് ചവിട്ടിയെന്നു പരാതി….

ആറ്റിങ്ങൽ : ചില സ്വകാര്യ ബസ്സുകൾക്ക് ഇത് കലികാലം. കുറച്ച് ദിവസമായി ഒരു വൻകിട സ്വകാര്യ ബസ് കമ്പനിക്ക് എതിരെയുള്ള പ്രതിഷേധങ്ങൾ ആഞ്ഞടിക്കുമ്പോൾ ആറ്റിങ്ങൽ സാക്ഷിയാകുന്നത് വിദ്യാർത്ഥിക്ക് നേരെയുണ്ടായ അക്രമം. ഇന്ന് രാവിലെ ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ എത്തിയ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 8 ആം ക്ലാസ് വിദ്യാർത്ഥി പ്രണവിനെ ബസ് ജീവനക്കാരൻ തള്ളി നിലത്തിട്ട് ചവിട്ടിയെന്നു പരാതി. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ സ്റ്റാന്റിലെത്തിയ പ്രണവ് സ്റ്റാൻഡിൽ കിടന്ന ശ്രീഭദ്ര ബസ്സിൽ കയറിയപ്പോൾ ബസ് ജീവനക്കാരൻ പിടിച്ചു തള്ളി നിലത്തിട്ട് ചവിട്ടുകയായിരുന്നെന്നാണ് പരാതി. അക്രമത്തിൽ പരിക്കേറ്റ പ്രണവിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോരാണി പ്ലാവില വീട്ടിൽ വിജയകുമാറിന്റെയും വന്ദനയുടെയും മകനാണ് 13 വയസ്സുള്ള പ്രണവ്. സംഭവം ചൂണ്ടി കാണിച്ച് ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി.

കഴിഞ്ഞ വർഷം ഒക്ടോബറിൽ സ്കൂൾ വിദ്യാർത്ഥിയെ മർദിച്ച മറ്റൊരു സ്വകാര്യ ബസ് ജീവനക്കരനെതിരെ അന്ന് പ്രതിഷേധം ഉയരുകയും അധികാരികൾ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇവിടെ വിദ്യാർത്ഥികൾക്ക് നേരെയുള്ള ഇത്തരം അക്രമങ്ങൾക്ക് അറുതിയില്ലേ…