ആറ്റിങ്ങൽ ദേശീയപാത വികസനം : രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഉടൻ

ആറ്റിങ്ങൽ: പൂവമ്പാറമുതൽ മൂന്നുമുക്കുവരെയുള്ള ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഈയാഴ്ച തുടങ്ങുമെന്ന് നഗരസഭാധ്യക്ഷൻ എം.പ്രദീപ് പറഞ്ഞു. പ്രവർത്തനങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം അടുത്ത ദിവസം നടക്കും. യോഗം കഴിഞ്ഞാലുടൻ പുറമ്പോക്ക് ഒഴിപ്പിക്കലും നിർമാണപ്രവർത്തനങ്ങളും തുടങ്ങും.

ദേശീയപാത വികസനത്തിന് സ്ഥലമെടുക്കൽ നടപടികൾ നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നതിനാൽ ബൈപ്പാസിന്റെ നിർമാണനടപടികൾ നീളുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആറ്റിങ്ങലിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകണമെങ്കിൽ നാലുവരിപ്പാതയുടെ നിർമാണം അടിയന്തരമായി പൂർത്തീകരിക്കണം. ഇപ്പോൾത്തന്നെ ചിലദിവസങ്ങളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് ആറ്റിങ്ങൽ നേരിടുന്നത്. ആംബുലൻസുകൾപോലും കുരുങ്ങിക്കിടക്കാറുണ്ട്.

പദ്ധതിക്കായി പുതിയ രൂപരേഖ തയ്യാറായിട്ടുണ്ട്. സ്വകാര്യ ഏജൻസിയാണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. ഇത് പരിശോധിച്ച് അംഗീകരിക്കേണ്ടതായിട്ടുണ്ട്. ഈ നടപടി പൂർത്തിയായാൽ നിർമാണക്കരാറിലേക്ക്‌ കടക്കാനാകും. ഇതിനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്.

പൂവമ്പാറമുതൽ മൂന്നുമുക്കുവരെ ദേശീയപാതയുടെ ഇരുവശവുമുള്ള പുറമ്പോക്ക് ഭൂമി പൂർണമായി ഏറ്റെടുത്തുകൊണ്ടും വിവിധ സർക്കാർ വകുപ്പുകളുടെ കൈവശമുള്ള ഭൂമി ഏറ്റെടുത്തുമാണ് റോഡ് വികസിപ്പിക്കുക. പദ്ധതിക്കായി സ്വകാര്യ വ്യക്തികളിൽനിന്ന് ഭൂമിയേറ്റെടുക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടില്ല. റോഡ് നിർമാണത്തിനായി 22.75 കോടിരൂപ 2015-ൽ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. കൂടാതെ പൊളിക്കുന്ന മതിലുകൾ പുനർനിർമിക്കുന്നതിനായി 2017-ൽ 2.02 കോടി രൂപകൂടി അനുവദിച്ചു. ഈ തുക ഉപയോഗിച്ചാണ് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. ബി.സത്യൻ എം.എൽ.എ.യുടെ ഇടപെടലുകളെത്തുടർന്നാണ് പദ്ധതിക്കായി സർക്കാർ തുക വകയിരുത്തിയത്. ഇത്തവണത്തെ ബജറ്റിൽ ഈ പദ്ധതി സർക്കാർ പദ്ധതിയാണെന്ന പ്രഖ്യാപനവും വന്നിട്ടുണ്ട്.

ഒന്നാംഘട്ടത്തിൽ ഏറ്റെടുത്ത സർക്കർ ഓഫീസുകളുടെ മതിലുകളുടെ പുനർനിർമാണം പൂർത്തിയായി. പുറമ്പോക്ക് ഏറ്റെടുക്കുന്നതിനെതിരേ ചിലർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അവരുടെ വാദംകൂടി കേട്ട് നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി പുറമ്പോക്ക് ഏറ്റെടുക്കാൻ ഹൈക്കോടതി നിർദേശം നല്കിയിരുന്നു. ഇതനുസരിച്ചുള്ള നടപടികളെല്ലാം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

പുറമ്പോക്ക് കൈവശംെവച്ചിട്ടുള്ള ഓരോ വ്യക്തിക്കും പുറമ്പോക്ക് സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും ഭൂമിയേറ്റെടുക്കുന്നതിന് ഇനി തടസ്സങ്ങളില്ലെന്നും അധികൃതർ പറഞ്ഞു.

ആദ്യം 20 മീറ്ററിൽ റോഡ് വികസിപ്പിക്കാനായിരുന്നു പദ്ധതി. ഇപ്പോൾ ഭൂമിയുള്ള സ്ഥലങ്ങളിൽ പരമാവധി വികസനവും അല്ലാത്തിടങ്ങളിൽ 16 മീറ്റർ വരെ വികസനവും എന്ന നിലയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ദേശീയപാതയ്ക്കൊപ്പം പാലസ് റോഡും വികസിപ്പിക്കാനും പദ്ധതിയുണ്ട്. കൂടുതൽ ഭൂമി ലഭ്യമാകുന്ന സ്ഥലങ്ങളിൽ പാർക്കിങ്ങിനുൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഭൂമിയേറ്റെടുക്കലും തുടർനടപടികളും ദിവസങ്ങൾക്കുള്ളിൽ തുടങ്ങുമെന്ന് ചെയർമാൻ പറഞ്ഞു.