ആറ്റിങ്ങലിൽ വ്യാപാരി വ്യവസായി സമിതി കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനിയറെ പ്രതിഷേധം അറിയിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ടൗണിൽ മുന്നറിയിപ്പില്ലാതെ അടിക്കടി വൈദ്യുതി തടസം ഉണ്ടാകുന്നതിൽ വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനിയറെ കണ്ട് പ്രതിഷേധം അറിയിച്ചു.

 

ടൗണിൽ പാലസ് റോഡ്,​ ഗ്രാമം,​ കിഴക്കേ നാലുമുക്ക്,​ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മേഖലയിലാണ് വൈദ്യുതി വിതരണം തുടർച്ചയായി തടസപ്പെടുന്നത്. ഒരു മിനിട്ടിനുള്ളിൽ അഞ്ചും ആറും പ്രാവശ്യം വൈദ്യുതി വന്ന് പോകുകയാണ്. ഇതിനാൽ വ്യാപാര സ്ഥാപനങ്ങളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ലൈറ്റുകളും തകരാറിലാകുകയാണ്.

ആറ്റിങ്ങൽ ടൗണിൽ വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാനാണ് മിനി കണ്ടൈനർ സബ് സ്റ്റേഷൻ ആരംഭിച്ചത്. ഇതിന്റെ പ്രവർത്തനം കാര്യക്ഷമമാകുന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു. ജൂൺ 19 ഓടെ മുനിസിപ്പൽ ടൗണിലെ വൈദ്യുതി വിതരണത്തിലെ അപാകതകൾ പരിഹരിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ ബിജു ഉറപ്പു നൽകിയെന്ന് ഭാരവാഹികൾ പറഞ്ഞു.

ഏരിയാ പ്രസിഡന്റ് എസ്. ശശിധരൻ നായർ,​ സെക്രട്ടറി സി. ചന്ദ്രബോസ്,​ ട്രഷറർ പൊലിമേൽ ഹുസൈൻ,​ ബെന്നി മജസ്റ്റിക്,​ ആവണി രാജേന്ദ്രൻ,​ തുളസീമണി,​ ദിലീപ്,​ ഹരി,​ അഭിലാഷ്,​ നസീർ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാപാരികൾ എ.ഇയെ സന്ദർശിച്ച് കാര്യങ്ങൾ ധരിപ്പിച്ചത്.