അഴൂരിൽ ബീഹാർ സ്വദേശി നേടിയ എസ്.എസ്.എൽ.സി വിജയത്തിന് എ പ്ലസിനെക്കാൾ തിളക്കം

അഴൂർ : രാഹുൽകുമാർ എന്ന ബീഹാർ സ്വദേശി നേടിയ എസ്.എസ്.എൽ.സി വിജയത്തിന് എ പ്ലസിനെക്കാൾ പത്തരമാറ്റ് തിളക്കം. അഴൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും രാഹുലിന്റെ വീട്ടിലെത്തിയാണ് വിജയാഘോഷത്തിൽ പങ്കെടുത്തത്. പത്തുവർഷം മുമ്പാണ് രാഹുലിന്റെ കുടുംബം ബീഹാറിലെ ബരിയാർപ്പൂർ ഗ്രാമത്തിൽ നിന്ന് ചിറയിൻകീഴിലെ അഴൂരിൽ എത്തിയത്. മാർബിൾ ജോലിക്കാരായ രാഹുലിന്റെ മാതാപിതാക്കളായ ശംഭുഗാഹനും ബിബിതാ ദേവിക്കും കുടുംബം പോറ്റാനാകാത്ത രീതിയിൽ തൊഴിലില്ലായ്മ രൂക്ഷമായപ്പോഴാണ് പറക്കമുറ്റാത്ത മൂന്ന് മക്കളെയും കൊണ്ട് കേരളത്തിലേക്ക് ചേക്കേറിയത്. തുടർന്ന് ചിറയിൻകീഴ് അഴൂരിൽ വാടകയ്ക്ക് താമസം ആരംഭിച്ചു.

ജോലി കണ്ടെത്തുന്നതിനൊപ്പം മക്കളുടെ പഠനത്തിലും ശ്രദ്ധാലുക്കളായിരുന്നു മാതാപിതാക്കൾ. രാഹുലിനെ ഒന്നാം ക്ലാസിൽ അഴൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിൽ ചേർക്കുമ്പോൾ മലയാളം രാഹുലിന് ഒരിക്കലും വഴങ്ങാത്ത ഭാഷയായിരുന്നു. അദ്ധ്യാപകരുടെയും സഹപാഠികളുടെയും പൂർണ പിന്തുണയോടുകൂടി അർപ്പണ മനോഭാവത്തോടെ രാഹുൽ മലയാളം പഠിച്ചെടുക്കുകയായിരുന്നു. മലയാളത്തിന് ബി ഗ്രേഡ് ആണിപ്പോൾ നേടിയിരിക്കുന്നത്.

ഇതിനിടെ മൂന്ന് വർഷം മുമ്പ് വീട്ടുകാർ ബീഹാറിലേക്ക് ചേക്കേറാൻ ശ്രമം നടത്തിയെങ്കിലും കേരളത്തിലെ സ്കൂൾ വിട്ട് പോകാൻ താൻ ഒരിക്കലും സമ്മതിക്കുകയില്ലെന്ന രാഹുലിന്റെ നിർബന്ധത്തിനു വഴങ്ങി വീട്ടുകാർ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ലോക്കോ പൈലറ്റ് ആകുകയെന്നുള്ളതാണ് രാഹുലിന്റെ ജീവിത ലക്ഷ്യം. രാഹുലിന്റെ രണ്ട് സഹോദരങ്ങളും രാഹുലിന്റെ മാമന്റെ മക്കളുമെല്ലാം അഴൂർ സ്കൂളിലെ ബീഹാറി സാന്നിദ്ധ്യങ്ങളാണ്. തീരദേശ മേഖലയിലെ ഈ സ്കൂൾ എസ്.എസ്.എൽ.സി പരീക്ഷയിൽ 96 ശതമാനം വിജയമാണ് ഇക്കുറി കൈവരിച്ചിരിക്കുന്നത്. പരീക്ഷയെഴുതിയ 128 വിദ്യാർത്ഥികളിൽ 122 പേർക്ക് വിജയിക്കാനായി. ആറുപേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസും കിട്ടി.