സ്കൂൾ കുട്ടികൾക്ക് വില്പന നടത്താൻ എത്തിച്ച ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി, നമ്മുടെ വർക്കലയിൽ…

വർക്കല : വര്‍ക്കല, കല്ലമ്പലം , ആറ്റിങ്ങൽ പോലീസ്‌ സ്റ്റേഷന്‍ പരിധിയിൽ വിവിധ സ്‌കൂളുകള്‍ക്ക്‌ സമീപം ഉള്ള കടകളില്‍ വിതരണം ചെയ്യാനായി കൊണ്ട്‌ വന്ന 5000 പാക്കറ്റ്‌ പാന്‍മസാല , ഖൈനി തുടങ്ങിയ പുകയില ഉത്പന്നങ്ങൾ പിടികൂടി. കരവാരം വില്ലേജിൽ വണ്ടിത്തടം ദേശത്തു കോട്ടാമല വീട്ടിൽ അബ്ദുല്‍ സമദിന്റെ മകന്‍ നാസ്സർ (48) എന്നയാളെ അറസ്റ്റ്‌ ചെയ്തു . ഇന്ന് രാവിലെ 11 മണിയോട്‌ കൂടി ശിവഗിരി ശ്രീനാരായണ സ്കൂളിനു സമീപമുള്ള കടയില്‍ വിതരണം ചെയ്യാൻ കൊണ്ട്‌ വന്ന 1 ലക്ഷം രൂപ വിലയുള്ള പുകയില ഉത്പന്നങ്ങളും ഓട്ടോറിക്ഷയടക്കമാണ് വര്‍ക്കല പോലീസ്‌ പിടികൂടിയത്‌.

പ്രതി കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയില്‍ ചെറുന്നിയൂര്‍ ഗവഃഹയർ സെക്കൻഡറി സ്കൂളിനു സമീപമുള്ള കടയില്‍ പാൻമസാല രഹസ്യമായി നല്‍കുന്നത്‌
ചെറുന്നിയൂര്‍ സ്‌കൂളിലെ സ്റ്റുഡന്റസ് പോലീസ്‌ കേഡറ്റ് കാണുകയുണ്ടായി.
ചെറുന്നിയൂര്‍ സ്‌കൂളില്‍ ഇപ്പോൾ നടന്നുവരുന്ന സ്റ്റുഡന്റസ് പോലീസ്‌ കേഡറ്റുകളുടെ വാര്‍ഷിക അവധിക്കാല ക്ലാസ്സ്‌ സന്ദര്‍ശിച്ച പോലീസ്‌ ഉദ്ധ്യോഗസ്ഥരോട്‌ വിദ്യാർത്ഥി രഹസ്യമായി ഈ വിവരം കൈമാറിയതിന്റെ
അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.
വര്‍ക്കല ഇൻസ്‌പെക്ടർ ജി. ഗോപകമാർ, എസ്‌.ഐമാരായ ശ്യാംജി ,ജയകുമാർ, എസ്‌.സി.പി.ഒ മുരളീധരൻ, സി.പി.ഒ ഹരീഷ്‌ എന്നിവർ അടങ്ങുന്ന സംഘമാണ് അറസ്റ്റ്‌ ചെയ്തത്‌. തമിഴ്നാട്ടിൽ നിന്നും പച്ചക്കറി കയറ്റി കൊണ്ട്‌ വരുന്ന ലോറികളില്‍ പച്ചകറികൾക്കിടയില്‍ ഒളിപ്പിച്ചാണ്‌ ഇവ കേരളത്തിലേക്ക്‌ കടത്തുന്നത്‌ . പാക്കറ്റ്‌ ഒന്നിനു 5 രൂപയ്ക്കു വാങ്ങുന്ന ഇവര്‍ 30 രൂപയ്ക്കാണ്‌ കടകളിലൂടെ വിദ്യാര്‍ത്ഥികൾക്കും മറ്റ്‌ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വിറ്റഴിച്ചിരുന്നത്‌.