ബസ്സുകളുടെ മത്സരയോട്ടം : പാലച്ചിറയിൽ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസ്സും അപകടത്തിൽപ്പെട്ടു

പാലച്ചിറ : സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും മത്സരയോട്ടം നടത്തി അപകടത്തിൽപ്പെട്ടു. ഇന്ന് ഉച്ചക്ക് 2അര മണി കഴിഞ്ഞ് പാലച്ചിറ ജംഗ്ഷനിൽ പെട്രോൾ പമ്പിന് സമീപമാണ് അപകടം. അപകടത്തിൽ ആളപായമില്ല. കല്ലമ്പലം ഭാഗത്തേക്ക്‌ വരുകയായിരുന്ന ആറ്റിങ്ങൽ ഡിപ്പോയിലെ കെഎസ്ആർടിസി ബസ്സും കല്ലമ്പലം ഭാഗത്തേക്ക്‌ വരുകയായിരുന്ന തിരുവാതിര ബസ്സുമാണ് അപകടത്തിൽപെട്ടത്. സ്വകാര്യ ബസ് ഇടത് ഭാഗം കേറി ഇടിക്കുകയായിരുന്നെന്ന് കെഎസ്ആർടിസി ഡ്രൈവർ പറഞ്ഞു. എന്നാൽ മുന്നിലൂടെ പോയ കെഎസ്ആർടിസി ബസ് പിറകെ വന്ന സ്വകാര്യ ബസ്സിന് സൈഡ് കൊടുത്തില്ലെന്നും എതിരെ വന്ന ഓട്ടോയിൽ ഇടിക്കാതിരിക്കാൻ വെട്ടിമാറ്റിയപ്പോൾ ബസിൽ ഇടിച്ചതാണെന്നും സ്വകാര്യ ബസ് ജീവനക്കാർ പറഞ്ഞു. അപകടം കാരണം ഇരു ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. മാത്രമല്ല സംഭവ സ്ഥലത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അതുവഴി വാഹനത്തിൽ വന്ന വർക്കല എംഎൽഎ അഡ്വ വി ജോയ് വാഹനത്തിൽ നിന്ന് ഇറങ്ങി കാര്യങ്ങൾ അന്വേഷിച്ചു പോയി.

അപകടത്തിൽ കെഎസ്ആർടിസി ബസ്സിന്റെ പിൻഭാഗത്തെ ഡോറിന്റെ ഭാഗത്തും സ്വകാര്യ ബസ്സിന്റെ മുൻഭാഗവും കേടുപാട് പറ്റി . അപകടത്തെ തുടർന്ന് ഇരു ബസുകളുടെയും ട്രിപ്പ്‌ മുടങ്ങി. പ്രദേശത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസ്സുകളും ഒരേ സമയം ഒരേ റൂട്ടിൽ മത്സരയോട്ടമാണ് നടത്തുന്നതെന്നും ഇനിയും തുടർന്നാൽ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും നാട്ടുകാർ പറഞ്ഞു