ബൈക്ക് യാത്രികനെ ഇടിച്ചിട്ട് പാഞ്ഞ കാർ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു…

ചിറയിൻകീഴ് : ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടശേഷം നിർത്താതെ പോയ കാറിനെ പ്രദേശവാസികളായ യുവാക്കൾ പിന്തുടർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ചിറയിൻകീഴ്, വലിയകട, ചക്കുവിളാകം ജംഗ്ഷനിലാണ് സംഭവം.

ചിറയിൻകീഴ് ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്ക് യാത്രക്കാരനായ യുവാവിനെ ആറ്റിങ്ങൽ ഭാഗത്തേയ്ക്ക് അമിത വേഗതയിൽ പോവുകയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. റോഡിലേയ്ക്ക് തെറിച്ചുവീണ യുവാവിനെ ഡ്രൈവർ കാർ നിർത്തി നോക്കിയശേഷം വാഹനവുമായി കടന്നു കളയുകയായിരുന്നു. ഈ സമയത്ത് സമീപത്തെ എസ്.ബി.ഐ. എ.റ്റി.എം. കൗണ്ടറിൽ  പണം എടുക്കാൻ എത്തിയ യുവാക്കളായ ചിറയിൻകീഴ് സ്വദേശി ജോഷി, അഞ്ചുതെങ്ങ് സ്വദേശികളായ മൂന്ന് യുവാക്കളും ചേർന്ന് ഇടിച്ചിട്ട കാറിനെ ബൈക്കുകളിൽ പിൻന്തുടർന്നു. അതിവേഗത്തിൽ പോയ കാറിനെ ചെറുവളളിമുക്കിൽ തടഞ്ഞിട്ട ശേഷം ചിറയിൻകീഴ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചു. മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വാർന്ന് അബോധാവസ്ഥയിലായിരുന്നു ഇയാളെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇയാളെ ഉടൻ തന്നെ മെഡിക്കൽ കോളേജാശുപത്രിയിലേയ്ക്ക് കൊണ്ടുപേകാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. കടയ്ക്കാവൂർ സ്വദേശിയായ യുവാവാണ് അപടത്തിൽപ്പെട്ടെതെന്നാണ് സൂചന. എന്നാൽ യുവാവ് റോഡിൽ തെന്നിവീണുണ്ടായ അപകടമാണ് നടന്നതെന്നാണ് കാറിലുണ്ടായിരുന്നവർ പോലീസിനോട് പറഞ്ഞത്. യുവാവ് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നതിനാൽ അപകടത്തിന്റെ യഥാർഥ കാരണം അറിയില്ലെന്നാണ് പോലീസ് പറയുന്നത്.