കക്കൂസ് മാലിന്യവുമായി വന്ന ടാങ്കർ പിടികൂടി, ഡ്രൈവറും കൂട്ടാളികളും ഓടി

നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭയുടെ സെക്രട്ടറി എസ്.നാരായണന്റെയും ഹെൽത്ത് സൂപ്പർ വൈസറുടെ നേതൃത്വത്തിലേക്കുള്ള നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ രാത്രികാല പരിശോധനയിലാണ് കക്കൂസ് മാലിന്യങ്ങള്‍ കൊണ്ട് വന്ന [കെ.എൽ 53- ബി- 7952] ടാങ്കർ പിടികൂടി. ഡ്രൈവറും കൂടെ ഉണ്ടയിരുന്ന രണ്ടു പേരും വാഹനം ഉപേക്ഷിച്ചു കടന്നുകളഞ്ഞു.

പുലർച്ചെ നാലുമണിയോടെ നെടുമങ്ങാട് നഗരസഭ പരിധിയിലെ വാണ്ട പനച്ചമൂട് പ്രദേശത്ത് തള്ളാൻ കൊണ്ടുവന്ന കക്കൂസ് മാലിന്യമാണ് പിടികൂടിയത്. തിരുവനന്തപുരത്തുനിന്നും എത്തിയ വാഹനം പനച്ചമൂട് ഭാഗത്തു നിന്നും ശേഖരിച്ച കക്കൂസ് മാലിന്യമായിരിക്കും എന്നാണ് നിഗമനം. ഈ വാഹനത്തിൽ ആർ സി ബുക്കോ മറ്റു രേഖകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് അധികൃതർ അറിയിച്ചു. മുനിസിപ്പൽ ആക്ട് പ്രകാരം കർശന നടപടി എടുക്കും.

നഗരസഭ ഹെൽത്ത് സ്ക്വാഡ് ഇൻസ്പെക്ടർമാരായ എസ്. കിരൺ, എസ്.എൽ. ബിജു സോമൻ, യു.വി.വിനീഷ് ഡ്രൈവർ പ്രശാന്ത് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി എസ്.നാരായണൻ അറിയിച്ചു.