ചിറയിൻകീഴ് ബസ് സ്റ്റാൻഡ് പണ്ടകശാലയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം.

ചിറയിൻകീഴ്: ചിറയിൻകീഴ് ബസ് സ്റ്റാൻഡ് പണ്ടകശാലയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ചിറയിൻകീഴിന് സ്വന്തമായൊരു ബസ് സ്റ്റാൻഡെന്ന ആശയത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ടെങ്കിലും പലപ്പോഴുമത് ഫലപ്രാപ്തിയിലെത്തിയില്ല. നിലവിൽ പ്രവർത്തിക്കുന്ന ബസ് സ്റ്റാൻഡ് റെയിൽവേയുടെ പുറമ്പോക്ക് ഭൂമിയായതിനാൽ കാത്തിരിപ്പ് കേന്ദ്രമെന്ന ആശയം മുൻകാലങ്ങളിൽ ഇവിടെ പലകുറി വന്നെങ്കിലും നടപ്പായില്ല. ഇവിടെ യാത്രക്കാർക്ക് വെയിലും മഴയുമേറ്റു വേണം ബസ് കയറാനും ഇറങ്ങാനും. ഏറെ പ്രതീക്ഷയർപ്പിക്കുന്ന ചിറയിൻകീഴ് റെയിൽവേ ഗേറ്റിൽ മേൽപ്പാലം വരുമ്പോൾ ബസ് സ്റ്റാൻഡിന്റെ പരിമിതികൾ കൂടുവാനാണ് സാധ്യതയെന്ന് ജനങ്ങൾ പറയുന്നു. മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ ചിറയിൻകീഴ് റെയിൽവേ ഗേറ്റിൽ കാത്തുകിടക്കാതെ യഥേഷ്ടം ബസുകൾക്ക് പണ്ടകശാലയിലെ ബസ് സ്റ്റാൻഡിൽ എത്താം. പണ്ടകശാലയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് മുൻകാലങ്ങളിൽ ആലോചന വന്നെങ്കിലും തിരുവനന്തപുരം ഭാഗത്തുനിന്നും ചിറയിൻകീഴിലേയ്ക്കെത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് നിലവിലെ രണ്ടു റെയിൽവേ ഗേറ്റുകൾക്ക് പുറമെ മൂന്നാമതൊരു ഗേറ്റുകൂടി കടക്കണമെന്നു വന്നതോടെ ആ ആലോചനയും ഫലം കാണാതെ പോവുകയായിരുന്നു. എന്നാൽ ശാർക്കര മഞ്ചാടിമൂട് ബൈപാസ് യാഥാർത്ഥ്യമായതോടെയും മേൽപ്പാല നിർമാണം വീണ്ടും സജീവമായതോടെയുമാണ് ബസ് സ്റ്റാൻഡ് പണ്ടകശാലയിലേക്ക് മാറ്റണം എന്ന് ജനങ്ങൾ ആവശ്യം ഉന്നയിക്കുന്നത് .