വോട്ടെണ്ണൽ തുടങ്ങി.. പോസ്റ്റൽ വോട്ടുകളാണ് ആദ്യമെണ്ണുന്നത്

2019 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി. 542 മണ്ഡലങ്ങളിലായി എണ്ണായിരത്തോളം സ്ഥാനാ‍ർത്ഥികളുടെ ജനവിധി ഇന്നറിയാം. 543 മണ്ഡലങ്ങളിൽ 542 ഇടത്തേയ്ക്കാണ് ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. തമിഴ്‍നാട്ടിലെ വെല്ലൂരിലെ തെരഞ്ഞെടുപ്പ് അനധികൃതമായി പണം കണ്ടെത്തിയതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിരുന്നു.

കൃത്യം എട്ട് മണിക്ക് തന്നെ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകളാണ് ആദ്യമെണ്ണുന്നത്, ഒപ്പം തന്നെ ഇവിഎം വോട്ടുകളും എണ്ണുന്നു. ആദ്യഫലസൂചനകൾ 11 മണിയോടെ അറിയാം. പക്ഷേ സ്ഥാനാർത്ഥികൾ ജയിച്ചോ തോറ്റോ എന്ന കൃത്യമായ വിവരമറിയാൻ ഉച്ചയ്ക്ക് ശേഷമേ സാധിക്കൂ. വൈകിട്ടോടെ മാത്രമേ അന്തിമഫലം പ്രഖ്യാപിക്കാനാകൂ. വോട്ടെണ്ണൽ പ്രകിയ വൈകിയാൽ ഫലപ്രഖ്യാപനവും അതനുസരിച്ച് വൈകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ച് വിവിപാറ്റ് രസീതുകൾ എണ്ണി ഇത് വോട്ടുകളുമായി ഒത്തു നോക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. സുതാര്യത ഉറപ്പാക്കാനുള്ള ഈ നടപടിയിലൂടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ ഉദ്യോഗസ്ഥർ തന്നെ ഇരുന്ന് വട്ടമിട്ട് വിവിപാറ്റുകൾ എണ്ണണം. ഒരു തവണയല്ല, മൂന്ന് തവണ എണ്ണൽ പൂർത്തിയാക്കണം. അതുകൊണ്ടുതന്നെ, യന്ത്രമെണ്ണുന്ന വേഗതയിൽ ഫലം അറിയാനാകില്ലെന്നർത്ഥം.

2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ 543 മണ്ഡലങ്ങളിൽ എട്ടെണ്ണത്തിലാണ് ആദ്യ പരീക്ഷണമായി വിവിപാറ്റുകൾ ഉപയോഗിച്ചത്. പക്ഷേ, അത് വോട്ടുമായി ഒത്തു നോക്കിയിരുന്നില്ല. ഇത്തവണ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ റിട്ടേണിംഗ് ഓഫീസറും ഡെപ്യൂട്ടി ഉദ്യോഗസ്ഥ/നും നേരിട്ട് വിവിപാറ്റ് എണ്ണുന്നതിന് മേൽനോട്ടം വഹിക്കണം.

രാജ്യമൊട്ടാകെ ഏഴ് ഘട്ടങ്ങളിലായി 10.3 ലക്ഷം പോളിംഗ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടന്നത്. സുപ്രീംകോടതി ഉത്തരവനുസരിച്ച് ഇതിന്‍റെ അഞ്ച് ശതമാനം, അതായത്, 20,600 സ്റ്റേഷനുകളിൽ വിവിപാറ്റ് എണ്ണി വോട്ടുമായി ഒത്തുനോക്കണം. ഇതുകൊണ്ടുതന്നെ വോട്ടെണ്ണൽ പ്രക്രിയ നാല് മുതൽ അഞ്ച് മണിക്കൂർ വരെ നീളും. ഫലപ്രഖ്യാപനവും അതനുസരിച്ച് വൈകും.

ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകളാണ്. സർവീസ് വോട്ടർമാരുടെ എണ്ണം 18 ലക്ഷം വരും. വിദേശങ്ങളിലെ എംബസികളിൽ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥർ മുതൽ, സൈനികർ, കേന്ദ്ര, സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ളവരാണിത്. 18 ലക്ഷത്തിൽ 16.49 ലക്ഷം പേർ പോസ്റ്റൽ ബാലറ്റ് വഴി സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ട്.

പിന്നീട് ഇവിഎമ്മുകൾ എണ്ണണം. ആദ്യം വിവിപാറ്റുകൾ എണ്ണണമെന്ന ആവശ്യം പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വച്ചെങ്കിലും തള്ളിയിരുന്നു. ഇവിഎമ്മുകളിലെ ഫലം വന്ന ശേഷം, വിവിപാറ്റുകളുള്ള മണ്ഡലങ്ങളിൽ അവയും എണ്ണും. പൊരുത്തക്കേട് വന്നാൽ വിവിപാറ്റ് രസീതുകളുടെ എണ്ണമാകും അന്തിമം. എന്തായാലും സുതാര്യത ഉറപ്പാക്കാൻ ഓരോ റൗണ്ടും എണ്ണിക്കഴിഞ്ഞ് ആ കണക്കുകൾ സുവിധ എന്ന ആപ്ലിക്കേഷനിൽ ചേർത്ത ശേഷമേ, അടുത്ത റൗണ്ട് എണ്ണാവൂ. ഓരോ റൗണ്ടിലെയും ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ആപ്ലിക്കേഷനിൽ ചേർക്കണമെന്നതും നിർബന്ധമാണ്.

67.11 ശതമാനമായിരുന്നു ഇത്തവണ പോളിംഗ് ശതമാനത്തിലെ ദേശീയ ശരാശരി. 90.99 വോട്ടർമാരാണ് ആകെ വോട്ടർ പട്ടികയിലുണ്ടായിരുന്നത്. ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവുമുയർന്ന പോളിംഗ് ശതമാനമായിരുന്നു ഇത്. 2000-ൽ ജനിച്ച ഇന്ത്യൻ പൗരൻമാർ ആദ്യമായി വോട്ട് രേഖപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.

കേരളത്തിൽ വോട്ടെണ്ണൽ 140 കേന്ദ്രങ്ങളിൽ

കേരളത്തിൽ വ്യാഴാഴ‌്ച 29 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. കേരളാ പൊലീസിനല്ല, കേന്ദ്രസേനയ്ക്കാകും വോട്ടെണ്ണൽ കേന്ദ്രത്തിന്‍റെ നിയന്ത്രണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. കേരളാ പൊലീസിന് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാകില്ല. രാവിലെ എട്ടിന‌് തപാൽ വോട്ടുകളാണ‌് ആദ്യം എണ്ണുക. ഒപ്പം സർവീസ‌് വോട്ടുകളുടെ സ‌്കാനിങ‌ും നടക്കും. വോട്ടിങ‌് യന്ത്രത്തിലെ എണ്ണൽ രാവിലെ എട്ടരയോടെ തുടങ്ങും. ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണലിന‌് 14 മേശയുണ്ടാകും.

ഒമ്പത് മണിയോടെ ആദ്യഫലസൂചനകളറിയാം. ഉച്ചയോടെ എണ്ണിക്കഴിയുമെങ്കിലും വിവി പാറ്റിലെ രസീതുകൾ കൂടി എണ്ണിയ ശേഷമേ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കൂ.

എന്നാൽ, വോട്ടിങ‌് യന്ത്രങ്ങളിലെ എണ്ണൽ പുരോഗമിക്കുന്ന മുറയ‌്ക്ക‌് വിജയി ആരെന്ന‌് അറിയാം. 22,640 പൊലീസ‌് ഉദ്യോഗസ്ഥരെ സുരക്ഷയ‌്ക്കായി നിയോഗിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത‌് മദ്യശാലകൾ തുറക്കില്ല.

ഒരു റൗണ്ട‌് എണ്ണിക്കഴിഞ്ഞ‌് ലീഡ‌് നില തെരഞ്ഞെടുപ്പ‌് കമ്മീഷന്‍റെയും എൻഐസിയുടെയും പോർട്ടലായ സുവിധയിലേക്ക് അപ‌്‌ലോഡ‌് ചെയ‌്ത ശേഷമേ അടുത്ത റൗണ്ട‌് എണ്ണൂ. ആകെ 14 റൗണ്ടാണ‌് ഒരു നിയമസഭാ മണ്ഡലത്തിലുള്ളത‌്. ഒരു ലോക‌്സഭാ മണ്ഡലത്തിൽ ഒരു റൗണ്ടിൽ 98 ബൂത്തുകളിലെ വോട്ട‌് ഒരേസമയം എണ്ണും