വോട്ടെണ്ണലിന് ജില്ല ഒരുങ്ങി; ആദ്യ ഫലസൂചന എട്ടരയോടെ, ഇവയൊക്കെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങൾ..

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാലാഞ്ചിറ മാര്‍ ഇവാനിയോസ് വിദ്യാനഗറിലാണ് ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണുന്നത്. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ 14 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

ആറ്റിങ്ങല്‍, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളിലായി ഏഴു വീതം നിയമസഭാ മണ്ഡലങ്ങളാണുള്ളത്. വര്‍ക്കല മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സര്‍വോദയ വിദ്യാലയ ഓഡിറ്റോറിയത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലാണ് എണ്ണുന്നത്. ആറ്റിങ്ങല്‍ – സര്‍വോദയ വിദ്യാലയ ലിറ്റില്‍ഫ്‌ളവര്‍ ഓഡിറ്റോറിയം(രണ്ടാം നില), ചിറയിന്‍കീഴ് – സര്‍വോദയ വിദ്യാലയ ഓഡിറ്റോറിയം, നെടുമങ്ങാട് – സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്. ഹാള്‍, വാമനപുരം – സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്. ഹാള്‍, കഴക്കൂട്ടം – സര്‍വോദയ വിദ്യാലയ സെന്റ് പീറ്റേഴ്‌സ് ബ്ലോക്ക് ഓഡിറ്റോറിയം മെയിന്‍ ബില്‍ഡിങ്, വട്ടിയൂര്‍ക്കാവ് – മാര്‍ തിയോഫിലസ് ട്രെയിനിങ് കോളജ്, തിരുവനന്തപുരം – മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയം, നേമം – മാര്‍ തിയോഫിലസ് ട്രെയിനിങ് കോളജ്, അരുവിക്കര – ജയ് മാതാ ഐ.ടി.സി, പാറശാല – മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം, കാട്ടാക്കട – മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം, കോവളം – മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയം, നെയ്യാറ്റിന്‍കര – മാര്‍ ഇവാനിയോസ് കോളജ് ബി.വി.എം.സി. ഹാള്‍ എന്നിങ്ങനെയാണ് മറ്റു നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണുന്ന കേന്ദ്രങ്ങള്‍.

23ന് രാവിലെ സ്‌ട്രോങ് റൂമില്‍നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ അതതു നിയമസഭാ മണ്ഡലങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള ഹാളിലേക്കു മാറ്റും. തെരഞ്ഞെടുപ്പ് നിരീക്ഷകന്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാകും യന്ത്രങ്ങള്‍ പുറത്തെടുക്കുന്നത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും നിശ്ചിത എണ്ണം ടേബിളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സര്‍വറും കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റും ഉള്‍പ്പടെ മൂന്നു പേരാണ് ഉണ്ടാകുക. എട്ടരയോടെ ആദ്യ ഫലസൂചന അറിയാനാകുമെന്നാണ് പ്രതീക്ഷ.