വിവിധ ആവശ്യങ്ങൾ അറിയിച്ച് മാറനല്ലൂർ പഞ്ചായത്തിൽ ഡിവൈഎഫ്ഐ ഉപരോധം

മാറനല്ലൂർ : മാറനല്ലൂർ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കിടപ്പ് രോഗികളുടെ സാന്ത്വന പരിചരണത്തിന് ഉപയോഗിക്കാനായി രാജ്യസഭാ മെമ്പറായിരുന്ന ഡോ. ടി.എൻ സീമയുടെ വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബുലൻസിന് ഡ്രൈവറെ നിയമിക്കാതെ ഷെഡിൽ ഇട്ടിരിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഉപരോധം. കഴിഞ്ഞ നാല് മാസം ആയിട്ടും ഷെഡിൽ കയറ്റി ഇട്ടിരിക്കുകയാണ്. ഈ ആംബുലൻസിനെ കൂടാതെ മാസങ്ങളായി പണി പൂർത്തിയാക്കി അടച്ചിട്ടിരിക്കുന്ന വൈദ്യുതി ശ്മശാനം തുറന്ന് പ്രവർത്തിപ്പിക്കുക, പഞ്ചായത്തിലെ പ്രധാന ജംഗ്ഷൻ ആയ ഊരൂട്ടമ്പലം ജംഗ്ഷനിൽ ഉൾപ്പടെ ഡോ.എ സമ്പത്ത് എം പിയുടെയും മറ്റ് ജനപ്രതിനിധികളുടെയും ഫണ്ടുകൾ ഉപയോഗിച്ച് സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകളും തെരുവ് വിളക്കുകളും അറ്റകുറ്റപണികൾ നടത്തി പ്രവർത്തിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക, ഊരുട്ടമ്പലം മാർക്കറ്റിൽ നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കുകൾ പണി പൂർത്തിയായിട്ടും മാസങ്ങളായി അടച്ചിട്ടിരിക്കുന്നത്‌ ഉടൻ തുറന്ന് കൊടുക്കുക, ഊരൂട്ടമ്പലം മാർക്കറ്റിലെ നവീകരണ പ്രവർത്തനങ്ങളിലെ അഴിമതികളെ കുറിച്ച് അന്വേഷിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡിവൈഎഫ്ഐ ഊരൂട്ടമ്പലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറനല്ലൂർ പഞ്ചായത്ത് ആഫീസ് ഉപരോധിച്ചത്. ഉപരോധസമരം സി പി ഐ എം ഊരൂട്ടമ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ് പ്രഷീദ് ഉദ്‌ഘാടനം ചെയ്തു. ഡി വൈ എഫ് ഐ കാട്ടാക്കട ബ്ലോക്ക് പ്രസിഡൻറ് ആർ രതീഷ്, ഊരൂട്ടമ്പലം മേഖലാ പ്രസിഡൻറ് സജികുമാർ, സെക്രട്ടറി അഭിശക്ത്, സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ രാജേഷ്, പ്രസിദ്ധ് എന്നിവർ സംസാരിച്ചു. തുടർന്ന് സമരക്കാരും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും തമ്മിൽ മാറനല്ലൂർ പോലീസ് സബ് ഇൻസ്പെക്ടറുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിൽ ഡി വൈ എഫ് ഐ ഉയർത്തിയ ആവശ്യങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കും എന്ന് പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം എഴുതി നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.