ഇവിടെ വൈദ്യുതി മുടക്കം പതിവ്, ജനങ്ങൾ പ്രതിഷേധത്തിലേക്ക്..

ആറ്റിങ്ങൽ :തുടർച്ചയായ വൈദ്യുതി മുടക്കത്തിൽ പൊറുതിമുട്ടി ടൗൺ യു.പി.എസ് പ്രദേശത്തെ ജനങ്ങൾ .മാസങ്ങളായി തുടരുന്ന വൈദ്യുതി മുടക്കത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാരും കച്ചവടക്കാരും.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കച്ചവട സ്ഥാനങ്ങളും പ്രവർത്തിക്കുന്ന ഇവിടെ രാവിലെ മുതൽ വൈകുന്നേരം വരെ വൈദ്യുതി മുടങ്ങുകയാണ്. ഉരുകി ഒലിക്കുന്ന വേനൽ ചൂടിൽ മിക്ക സ്ഥാപനങ്ങളും പല ദിവസങ്ങളിലും അടച്ചിടേണ്ട അവസ്ഥയാണുള്ളത്. വൈദ്യുതി ഓഫീസിൽ ബന്ധപ്പെടുമ്പോൾ തൊട്ടടുത്ത ട്രാൻസ്ഫോർമറിൽ അറ്റകുറ്റപ്പണി നടക്കുന്നു എന്നാണ് മറുപടി കിട്ടാറുളളത്. തുടർച്ചയായി കേടാകുന്ന ഈ ട്രാൻസ്ഫോർമർ മാറ്റി സ്ഥപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികാരികൾ ചെവിക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പതിവായുള്ള വൈദ്യുതി മുടക്കത്തിനെതിരെ ഒപ്പുശേഖരണത്തിനും പ്രതിഷേധത്തിനും ഒരുങ്ങുകയാണ് നാട്ടുകാർ.