വൈദ്യുതി മുടക്കം പതിവാകുന്നു; ടൂറിസം മേഖല പ്രതിസന്ധിയിൽ

കാട്ടാക്കട : വൈദ്യുതി ബോര്‍ഡ്‌ മെച്ചപ്പെട്ട സേവനം നല്‍കുന്നതായി അവകാശപ്പെടുമ്പോള്‍ വൈദ്യുതിമുടക്കം പതിവാകുന്നു. അടിക്കടിയുണ്ടാകുന്ന വൈദ്യുതിമുടക്കം മൂലം കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ നെയ്യാർഡാം വിനോദ സഞ്ചാരകേന്ദ്രം മുതൽ പതിമൂന്നു വാർഡുകളിലെയും നിവാസികള്‍ ദുരിതത്തിലായി. ചെറിയ മഴ വന്നു പോയാല്‍ തന്നെ കള്ളിക്കാട് പഞ്ചായത്ത് പരിധികളിൽ അന്ന് മുഴുവനും വൈദ്യുതി ബന്ധം വിഛേദിക്കുന്ന അവസ്ഥയാണ് നിലവില്‍. ചില ദിവസങ്ങളില്‍ നിരവധി തവണയാണ്‌ വൈദ്യുതി പോകുന്നത്‌. കഴിഞ്ഞദിവസങ്ങളിൽ ഇരുപതോളം തവണയാണ് വൈദ്യുതി മുടങ്ങിയത്. ഉല്‍പ്പാദന, പ്രസരണ, വിതരണ രംഗങ്ങളില്‍ ശ്രദ്ധപുലര്‍ത്തി ഉപഭോക്‌താക്കള്‍ക്ക്‌ വൈദ്യുതി ലഭ്യത ഉറപ്പു വരുത്തിയാണു ബോര്‍ഡ്‌ മുന്നോട്ടു നീങ്ങുന്നതെന്നാണ്‌ അധികൃതരുടെ വാദം. എന്നാൽ നെയ്യാർഡാമിലെ കിക്‌മ കോളേജ്, ഇറിഗേഷൻ, ഫോറസ്റ്റ്, പോലീസ് സ്റ്റേഷൻ, ഫയർ ഫോഴ്‌സ്, മൃഗാശുപത്രി, സർക്കാർ ഹെൽത്ത് സെന്റർ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. അതെ സമയം ഒറ്റശേഖരമംഗലം കെ.എസ്.ഇ.ബിയില്‍ വിളിച്ചാൽ പലപ്പോഴും കിട്ടാറില്ല. ആരെയെങ്കിലും കിട്ടിയാല്‍ ഉടന്‍ വൈദ്യുതി വരും എന്നു പറഞ്ഞ്‌ ഫോണ്‍ വയ്‌ക്കുന്നതാണ് പതിവ്. പഞ്ചായത്തു പരിധിയിലെ മിക്കയിടത്തും ഇടവഴികളിലെ ടച്ചിങ്‌ പോലും വെട്ടിമാറ്റാന്‍ അധികൃതര്‍ തയാറല്ല. ടച്ചിങ്‌ വെട്ടിമാറ്റാന്‍ വൈദ്യുതി മുടക്കാറുമുണ്ട്‌. മഴക്കാലത്തിനു മുന്‍പ്‌ ടച്ചിങ്‌ വെട്ടിമാറ്റാന്‍ ആളെ നിയോഗിക്കുമെങ്കിലും അതു പ്രധാന നിരത്തുകളില്‍ മാത്രമായി ഒതുങ്ങും. നിരവധി സ്‌ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന നഗരത്തില്‍ അടിക്കടി ഉണ്ടാക്കുന്ന വൈദ്യുതി മുടക്കം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌ വ്യാപാര സ്‌ഥാപനങ്ങളെയാണ്‌. ഗാര്‍ഹിക ഉപഭോക്‌താക്കളെ ഇടയ്‌ക്കിടെയുള്ള വൈദ്യുതിമുടക്കം കാര്യമായി ബാധിച്ചു. മിക്‌സി, ഫാന്‍, ഫ്രിഡ്‌ജ്‌, വാഷിങ്‌ മെഷീന്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്കു കേടുപാടുണ്ടാകാന്‍ ഇടയ്‌ക്കിടയ്‌ക്കുള്ള വൈദ്യുതി മുടക്കം കാരണമാകുന്നു. മഴക്കാലമായതോടെ വെള്ളം കെട്ടിനിന്ന് കൊതുക് ശല്യവും രൂക്ഷമാണ്. അതെ സമയം 66 കെവി സബ് സ്റ്റേഷൻ വന്നാൽ പ്രദേശത്തെ വൈദ്യുതി പ്രശ്‌നത്തിന് പരിഹാരമുണ്ടാകും എന്ന് നാട്ടുകാർ ഒരായുന്നു. വൈദ്യുതി മുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒറ്റശേഖരമംഗലം കെ.എസ്.ഇ.ബിയില്‍ പരാതിപെട്ടിട്ടും ഫലമുണ്ടായില്ല. ഇതേ തുടർന്ന് കെ.എസ്.ഇ.ബിയുടെ അനാസ്ഥക്കെതിരെ ബഹുജന പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.