വീടിനോട് ചേർന്ന് രണ്ടര ഏക്കർ സ്ഥലത്ത് പച്ചക്കറികളും ഫല വൃക്ഷത്തൈകളും, ജൈവ കൃഷിയിൽ നൂറുമേനി

പോത്തൻകോട്: ജൈവ കൃഷിയിൽ നൂറുമേനി നേട്ടവുമായി കോലിയക്കോട് ചിറയിൽ കൈരളി അഗ്രിഫാം. വീടിനോട് ചേർന്ന രണ്ടര ഏക്കർ സ്ഥലത്ത് പച്ചക്കറികളും ഫല വൃക്ഷത്തൈകളും ഉത്പാദിപ്പിച്ച് കമ്പോള വില്പനയ്‌ക്കൊപ്പം തന്നെ പാവപ്പെട്ടവർക്ക് സൗജന്യ നിരക്കിൽ വിതരണം നടത്തിയാണ് ഇവർ മാതൃകയാകുന്നത്. രണ്ടാംവർഷം മുതൽ നിറയെ കായ്ഫലം തരുന്ന ആറ് വ്യത്യസ്‌ത ഇനത്തിൽപ്പെട്ട വിയറ്റ്‌നാം സൂപ്പർ ഏർലി ജാക്ക് മുതൽ ഇളക്കി നട്ട് ഏഴാം വർഷം മുതൽ കായ്ഫലം തരുന്ന മലാക്ക ഇനത്തിൽപ്പെട്ട തെങ്ങ് വരെ ഇവിടെയുണ്ട്. കർഷകസംഘം കോലിയക്കോട് മേഖല ജോയിന്റ് സെക്രട്ടറി അനിൽകുമാറാണ് അഗ്രിഫാമിന്റെ സാരഥി. വാണിജ്യോത്പാദനത്തിനായി വളർത്തുന്ന ഫലവൃക്ഷങ്ങളാണ് ഇവിടെ കൂടുതലുമുള്ളത്. പ്രദേശത്തെ കർഷക കൂട്ടായ്‌മയിൽ വികസിച്ച ഫാമിൽ നാടൻ ഫലവൃക്ഷങ്ങളെ സംരക്ഷിക്കാനും അവയുടെ ഗുണങ്ങൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും ഒരുക്കിയ പ്രദർശന വില്പന കേന്ദ്രം ഇതിനോടകം പ്രശംസ നേടിയിരുന്നു. ജൈവ വളമാണ് ഇവിടെ ഉപയോഗിക്കുന്നത്. വിവിധതരം വരിക്കച്ചക്കകളുടെ തൈകളും പ്ലാവ്, മിറക്കിൾ ഫ്രൂട്ട്, ആറ് തരം റംബൂട്ടാൻ തുടങ്ങിയ പഴ വർഗങ്ങളുടെ ഒരു ഡസനിലേറെ സ്വദേശിയും വിദേശിയുമായ ഇനങ്ങളുടെ തൈകളും ഇവിടെ ലഭ്യമാണ്. പാല, കരിമുണ്ട, പന്നിയൂർ -1 ഇനത്തിൽപ്പെട്ട കുരുമുളക് വള്ളികളും മൂന്നു മാസംകൊണ്ട് പൂവിടുന്ന കുള്ളൻ റെഡ് അഗസ്‌തിച്ചീരയുടെ തൈകളും വാങ്ങാൻ നിരവധിപ്പേർ ഇവിടെ എത്തുന്നു. കൂടാതെ ഗംഗ ബൊണ്ടം, പോർട്ടുഗീസ് ഓറഞ്ചു തുടങ്ങിയ നാട്ടിൽ വിരളമായ തെങ്ങിനങ്ങളും ഇവിടെ ലഭ്യമാണ്. വിവിധയിനം ചീര, പയർ, വെണ്ട, പടവലം, ചേമ്പ്, ചേന, ഇഞ്ചി എന്നിവയും അനിലിനിന്റെ കൃഷിയിടത്തിലുണ്ട്. മുക്തി കോട്ടുകോണം വരിക്ക, മാങ്കോസ്റ്റിൻ, പുലാസാൻ, ദുര്യൻ ചെമ്പടാക്, കുടംപുളി, നെല്ലി, മാതളം എന്നിവയുടെ ശേഖരവും ഇവിടെയുണ്ട്. കേശവദാസപുരം പിള്ളവീട് ലൈനിലെ എല്ലാ ഞായറാഴ്ചകളിലുമുള്ള ജൈവ കാർഷിക വിപണിയിലൂടെയാണ് ജൈവ പച്ചക്കറികളുടെ വില്പന നടത്തുന്നത്. അനിലിന്റെ ഭാര്യ സുചിത്രയും മക്കൾ പ്ലസ് ടൂ വിദ്യാർത്ഥി സന്ധ്യയും ഒമ്പതാം ക്ലാസുകാരനായ ശ്രാവണും കൃഷിയിൽ സഹായിക്കുന്നുണ്ട്.