യുവാവ് കഴുത്തറുത്ത് മരിച്ച സംഭവം : ഒളിവിലായിരുന്ന ഭാര്യ സുഹൃത്ത് കസ്റ്റഡിയിൽ

വെമ്പായം : വട്ടപ്പാറയിൽ കുടുംബ വഴക്കിനിടെ യുവാവ് കഴുത്തറുത്ത് മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ഭാര്യയുടെ സുഹൃത്ത് തൊഴുവൻകോട് സ്വദേശിയും ടിപ്പർ ലോറി ഡ്രൈവറുമായ മനോജിനെ വട്ടപ്പാറ സി.ഐയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. ഇയാൾ മുൻ‌കൂർ ജാമ്യത്തിനായി ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. മണൽ മാഫിയാസംഘത്തിൽപ്പെട്ട മനോജ് നഗരത്തിലും സമീപ പ്രദേശങ്ങളിലും ഗുണ്ടാപ്രവർത്തനങ്ങളും നടത്തിയിരുന്നു. വട്ടപ്പാറ, പേരൂർക്കട സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. പെയിന്റിംഗ് തൊഴിലാളിയായ വിനോദ് കുമാർ ദുരൂഹ സാഹചര്യത്തിൽ കഴുത്തറുത്ത് മരിച്ച സംഭവം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കൊലപാതകമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആദ്യം ആത്മഹത്യയെന്നാണ് കരുതിയതെങ്കിലും വിനോദും അമ്മയുടെ സൃഹൃത്തായ അങ്കിളും തമ്മിൽ സംഭവദിവസം തർക്കമുണ്ടായെന്ന വിനോദിന്റെ മകന്റെ രഹസ്യമൊഴിയാണ് നിർണായകമായത്. വിനോദിന്റെ ബന്ധുക്കളും സംഭവത്തിൽ ദുരൂഹതയാരോപിച്ച് രംഗത്തെത്തിയിരുന്നു. തുടർന്ന് ബ്യൂട്ടിപാർലർ ജീവനക്കാരിയായ വിനോദിന്റെ ഭാര്യ രാഖിയുടെ മൊഴി മജിസ്ട്രേട്ടിന് മുന്നിൽ പൊലീസ് രേഖപ്പെടുത്തി. കൂടുതൽ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത രാഖിയെ കഴിഞ്ഞദിവസം രാത്രിയോടെ വിട്ടയച്ചിരുന്നു. കൊല്ലപ്പെട്ട വിനോദും കുടുംബവും മുമ്പ് താമസിച്ചിരുന്നത് കാരമൂട് ജംഗ്‌ഷന് സമീപത്തെ വാടക വീട്ടിലായിരുന്നു. വിനോദ് വീട്ടിലില്ലാത്ത സമയങ്ങളിൽ മനോജ് രാഖിയെ കാണാൻ പതിവായി വീട്ടിലെത്തിയിരുന്നത് കണ്ടെത്തിയ നാട്ടുകാർ ഇയാളെ തടഞ്ഞുവച്ചിരുന്നു. അതിനുശേഷമാണ് കുടുംബം വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട്ടെ വാടക വീട്ടിലേക്ക് താമസം മാറിയത്. പുതിയ സ്ഥലത്തേക്ക് താമസം മാറ്റിയിട്ടും രാഖി മനോജുമായുള്ള സൗഹൃദം തുടർന്നതായി വിനോദിന്റെ സുഹൃത്തുക്കൾ പറഞ്ഞു. മനോജിനെ വിശദമായി ചോദ്യം ചെയ്‌ത ശേഷം രാഖി പൊലീസിന് നൽകിയ മൊഴിയും മജിസ്‌ട്രേട്ടിന് മുമ്പാകെ നൽകിയ മൊഴിയും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് വട്ടപ്പാറ സി.ഐ പറഞ്ഞു.