സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെയും ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച കൂട്ടാളിയെയും, സിറ്റി പോലീസ് കമ്മീഷണറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ഷാഡോ പോലീസ് പിടികൂടി. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് വില്ലേജില്‍ കല്ലന്‍ചിറ റെയ്ഹാന മന്‍സിലില്‍ താമസം മുഹമ്മദ് ആഷിഖ് (22) യും, മേനംകുളം പാര്‍വ്വതി നഗര്‍ പുതുവല്‍പുത്തന്‍വീട്ടില്‍ ഗോകുല്‍ (22)നെയുമാണ് ഊര്‍ജ്ജിത അന്വേഷണത്തില്‍ ഷാഡോ പോലീസ് പിടികൂടിയത്. കഴക്കൂട്ടം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

പനി ബാധിച്ച് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആഷിക് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഉച്ചയോടെ പെണ്‍കുട്ടിയുടെ മാതാവ് ലാബില്‍ പരിശോധന റിപ്പോര്‍ട്ട് വാങ്ങാന്‍ പോയ സമയത്താണ് ഇയാള്‍ പെണ്‍കുട്ടി ചികിത്സയില്‍ കഴിഞ്ഞിരുന്ന മുറിയില്‍ കയറി പെണ്‍കുട്ടിയെ കടന്നു പിടിച്ചത്. പെണ്‍കുട്ടി നിലവിളിച്ചതോടെ ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. തിരികെ കുട്ടിയുടെ അമ്മ മുറിയിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സംഭവമറിഞ്ഞ സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്‍റെ നിര്‍ദ്ദേശപ്രകാരം ഷാഡോ പോലീസ് ശക്തമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. പെണ്‍കുട്ടി നല്‍കിയ വിവരം അനുസരിച്ച് ഉദ്ദേശം 25 വയസ്സിനകത്ത് പ്രായം തോന്നിക്കുന്ന മുടി നീട്ടി വളര്‍ത്തിയ ഒരാളാണ് പ്രതിയെന്ന്് മനസ്സിലക്കിയ ഷാഡോ പോലീസ് സംഘം സമീപത്തെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതില്‍ ദൃശ്യങ്ങളില്‍ നിന്ന് കുട്ടി ഇയാളെ തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ ഇയാള്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലാ. ആശുപത്രിയുടെ സമീപ പ്രദേശങ്ങളിലും കഴക്കൂട്ടം, മേനംകുളം, കിന്‍ഫ്രാ, വെട്ടുറോഡ് ഭാഗങ്ങളിലേക്കും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല, തുടര്‍ന്ന് കൂടുതല്‍ സ്ഥലങ്ങളിലെക്ക് ശാസ്ത്രീയമായ അന്വേഷണം വിപുലപ്പെടുത്തിയതില്‍ നിന്ന് പ്രതികളായ ആഷിക്കും കൂട്ടാളി ഗോകുലും കാസര്‍ഗോഡ്, കാഞ്ഞങ്ങാട് നിന്നും പിടിയിലാകുകയായിരുന്നു.
സിറ്റി പോലീസ് കമ്മീഷണര്‍ സജ്ഞയ് കുമാര്‍ ഗുരുദിന്‍റെ നേതൃത്വത്തില്‍ ഡി.സി.പി.ആര്‍.ആദിത്യ, സ്പെഷ്യല്‍ ബ്രാഞ്ച് ഏ.സി പ്രമോദ് കുമാര്‍, കഴക്കൂട്ടം ഏ.സി വിദ്യാധരന്‍, കഴക്കൂട്ടം എസ്.എച്ച്.ഓ അന്‍വര്‍, ഷാഡോ എസ്.ഐ സുനില്‍ ലാല്‍, ഷാഡോ എ.എസ്.ഐമാരായ അരുണ്‍കുമാര്‍, യശോധരന്‍, കഴക്കൂട്ടം പോലീസ് സ്റ്റേഷന്‍ പോലീസുകാരായ പ്രസാദ്, ശരത്, ഷാഡോ ടീമാംഗങ്ങള്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.