ജലാശയങ്ങളെ മലിനപ്പെടുത്തുന്നതാണ് നാടിന്റെ ഏറ്റവും വലിയ വിപത്ത് : ഐബി സതീഷ് എംഎൽഎ

കാട്ടാക്കട :നമ്മുടെ നാട് അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ വിപത്താണ് ജലാശയങ്ങളെ മലിനപ്പെടുത്തുന്നതെന്ന ഉത്തമബോധ്യം എല്ലാവർക്കും ഉണ്ടായേ മതിയാകു എന്നു ഐ.ബി സതീഷ് എം.എൽ.എ. 2019 മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളെ കുറിച്ചാലോചിക്കുന്നതിന് മണ്ഡലംതല യോഗം, നേമം ബ്ലോക്ക് ഓഫീസ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.   ശേഷം നടന്ന ചർച്ചയിൽ സാംക്രമിക രോഗങ്ങൾ പരമാവധി ഒഴിവാക്കുന്നതിന് വേണ്ടിയുള്ള മുൻ കരുതലുകൾ സ്വീകരികരിക്കുന്നതിനുള്ള വിവിധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കപ്പെടുകയും, അതനുസരിച്ച് ഈ മാസം 8, 9 തീയതികളിൽ കാട്ടാക്കട മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലും വിപുലമായ യോഗം ചേരുവാൻ തീരുമാനിച്ചു. ഇതനുസരിച്ച് 122 വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് വിവിധതലത്തിലുള്ള ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പാർടികളുടെയും സംയുക്ത നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.  പല പ്രധാന കവലകളോടനുബന്ധിച്ചും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമുള്ള മലിന ജലവും മാലിന്യവും നിക്ഷേപിക്കാനുള്ള ഇടമാണ് തോടുകൾ എന്ന ഒരു ധാരണ എങ്ങനെയൊ രൂപപ്പെട്ടിരിക്കുന്നതായി യോഗം വിലയിരുത്തി. നൂറോളം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുൾപ്പടെ അവിടുത്തെ മാലിന്യവും മലിനജലവും യാതൊരു മനസാക്ഷി കൂത്തുമില്ലാതെയാണ് ഈ തോടുകളിലേക്ക് തുറക്കുന്ന പൈപ്പുകളിലൂടെ നിക്ഷേപിക്കുന്നത്. ഇതിന്റെ ചുവട് പിടിച്ച് ചെറുതും വലുതുമായ സ്ഥാപനങ്ങൾക്കൊപ്പം പല വീടുകളും ഇത് പിൻതുടരുന്നു. ഇത് കൂടാതെയാണ് ഇറച്ചി കടകളിൽ നിന്നുള്ള കോഴി വേസ്റ്റ് അടക്കമുള്ള മാലിന്യങ്ങൾ പ്ലാസ്റ്റിക്ക് കവറുകളിലാക്കി കൊണ്ട് വന്ന് തോടുകളിലും കുളങ്ങളിലും നിക്ഷേപിക്കുന്നത്. ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ഈ സാമൂഹ്യ വിപത്തിനെ പ്രതിരോധിച്ചേ മതിയാകു എന്നും പഞ്ചായത്തുകൾ ഇത്തരം മാലിന്യമൊഴുക്കിനെ   ചിത്രീകരിച്ച് രേഖ സൂക്ഷിക്കണം. അതിന് ശേഷം പഞ്ചായത്തുകൾ നിയമപരമായി നോട്ടീസ് നൽകി സ്ഥാപന ഉടമകളെ വിളിച്ചു വരുത്തി ബോധവത്കരണം നടത്തുകയും അധികൃതർ തന്നെ ഈ മാലിന്യക്കുഴലുകളെ കോൺക്രീറ്റ് ഉപയോഗിച്ച് അടച്ച് അതിനാവശ്യമായി വരുന്ന തുക ഈ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ഈടാക്കാകുകയും വേണം. ശേഷം ഈ സ്ഥാപനങ്ങൾ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ കർശനമായും സ്ഥാപിക്കണം. അതേസമയം ഒരു സ്ഥാപനത്തിന്റെ ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിലൊന്നായി ഈ സംവിധാനം മാറ്റുകയും വേണം. ഇതു പാലിക്കാത്ത സ്ഥാപങ്ങൾ കേരള നിയമസഭ പാസാക്കിയ നിയമമനുസരിച്ച് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പരാതി നൽകാൻ പഞ്ചായത്തധികൃതരും ആ നിയമമനുസരിച്ച് കേസുകൾ റജിസ്റ്റർ ചെയ്യാൻ പോലീസും തയ്യാറാകണം എന്നും യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രതിനിധികളും ഇക്കാര്യത്തിൽ വളരെ ഉറച്ച നിലപാടുകൾ സ്വീകരിക്കുകയും ഇത്തരത്തിൽ നീർച്ചാലുകളെയും ജലാശയങ്ങളേയും മലിനപ്പെടുത്തുന്നവരോട് വിട്ടുവീഴ്ച്ച ചെയ്യുന്ന സമീപനം ഉണ്ടാകാതെ ശക്തമായ ജനകീയ പ്രതിരോധവും ഇക്കാര്യത്തിൽ ഉണ്ടാകണം ഇതിനായി എല്ലാ വാർഡുകളിലും മാലിന്യ പ്രതിരോധ സന്നദ്ധ സേനയുണ്ടാകണം എന്ന നിർദേശവും ഉണ്ടായി. ഉദ്യോഗസ്ഥർ, എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടേയും പ്രതിനിധികൾ, കലാ സാംസ്കാരിക സംഘടനാ പ്രതിനിധികൾ, മറ്റ് സന്നദ്ധ സംഘടനകൾ ഇവരെല്ലാം ചേർന്ന് നാട്ടിൻപുറങ്ങളെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നവരെ കൈയോടെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാൻ തയ്യാറാകണമെന്നും യോഗത്തിൽ തീരുമാനിച്ചു.  കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് എസ് അജിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ ശകുന്തള കുമാരി അദ്ധ്യക്ഷയായ യോഗത്തിൽ വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ, മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ് രാധാകൃഷ്ണൻ നായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എ ഫൈസി, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ഹിൽക്ക് രാജ്, കാട്ടക്കട തഹസിൽദാർ ബിപിൻകുമാർ, നേമം ബ്ലോക്ക് മെഡിക്കൽ ഓഫീസർ എലിസബത്ത് ചീരൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ലേഖാ തോബ്യാസ്, നേമം ബി.ഡി.ഒ അജികുമാർ, വെള്ളനാട് ബി.ഡി.ഒ രംജിത്ത് ആർ.എസ്, മെഡിക്കൽ ഓഫീസർമാർ, വീ.ഇ.ഒമാർ എന്നിവർ പങ്കെടുത്തു.