‘ജൂനിയർ ലിറ്റിൽ കൈറ്റ്സ്’ : ഇളമ്പ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സംസ്ഥാനത്തിന് മാതൃക

ഇളമ്പ: പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കി വരുന്ന ‘ലിറ്റിൽ കൈറ്റ്സ് ‘ന്റെ ചുവട് പിടിച്ച് യു.പി തലത്തിൽ ‘ജൂനിയർ ലിറ്റിൽ കൈറ്റ്സ്’ രൂപീകരിച്ച് ഇളമ്പ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സംസ്ഥാനത്തിന് മാതൃകയായി.

അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസുവരെയുള്ള കംപ്യൂട്ടർ പ്രതിഭകളെ കണ്ടെത്താൻ സംസ്ഥാന തലത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു യൂണിറ്റിന് രൂപം നൽകുന്നത്. ജൂനിയർ ലിറ്റിൽ കൈറ്റ്സ് രൂപീകരണത്തിന്റെ ഭാഗമായി ത്രിദിന ഐ.ടി ശില്പശാലയും ആരംഭിച്ചു. ഭാഷാ കംപ്യൂട്ടിംഗ്, ഡിജിറ്റൽ പെയിന്റിംഗ്, ഡിജിറ്റൽ മാഗസീൻ നിർമാണം, ഡിജിറ്റൽ പത്രം, കമ്പ്യൂട്ടർ പ്രസന്റേഷൻ, ന്യൂസ് മേക്കിംഗ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നൽകുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം.

തിരഞ്ഞെടുക്കപ്പെട്ട നാല്പത് കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. ഇവർ മറ്റു കുട്ടികൾക്ക് പരിശീലനം നല്കും. സ്കൂളിലെ മുപ്പതിലധികം ലാപ്ടോപ്പുകളും ഐ.ടി ലാബും ഇതിനായി ഉപയോഗിക്കും. സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എസ്. ഷാജികുമാറാണ് പരിശീലനത്തിന് നേതൃതൃം നല്കുന്നത്. ജൂനിയർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉദ്ഘാടനവും ഐ.ടി ശില്പശാല ഉദ്ഘാടനവും വാർഡ് മെമ്പർ എസ്. സുജാതൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എം. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. ലിറ്റിൽ കൈറ്റ്സ് സ്കൂൾ കോ-ഓർഡിനേറ്റർ എസ്. ഷാജികുമാർ, സി.എസ്. വിനോദ് എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. ഗീതാകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. ബാബു നന്ദിയും പറഞ്ഞു.