മാലിന്യത്തിൽ മുങ്ങിയ കഠിനംകുളം കായൽ വെല്ലുവിളിയാകുന്നു

കഠിനംകുളം :ടൺ കണക്കിന് മാലിന്യത്തിൽ മുങ്ങിയ കഠിനംകുളം കായൽ പരമ്പരാഗത മത്സ്യതൊഴിലാളികൾക്കും അതേപോലെ പരിസരവാസികൾക്കും വെല്ലുവിളിയാകുന്നു. അറവുശാലകളിൽ നിന്നും അതേപോലെ ആശുപത്രിയടക്കമുള്ള സ്ഥലങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങളും ഈ കായലിന്റെ ഭംഗിയേയും ശുദ്ധിയേയും തകർത്ത് കൊണ്ടിരിക്കുകയാണ്.  കക്കൂസ് മാലിന്യമുൾപ്പെടെ ടാങ്കർ ലോറികളിൽ കായലിന്റെ പലഭാഗത്തായി കൊണ്ട് തള്ളുന്ന സംഭവങ്ങൾ ഇപ്പോഴും അരങ്ങേറുന്നു. എന്നാൽ ഇതിനെ ചോദ്യം ചെയ്യാനോ കുറ്റക്കാരെ പിടികൂടാനോ അധികൃതർ തയ്യാറാകാത്ത പ്രവണതയാണ്. നേരത്തെ മാലിന്യത്തിന്‌ അമിത നിക്ഷേപവും പാർവ്വതീ പുത്തനാറിൽ നിന്നും കഠിനംകുളം കായലിൽ ഒഴുകി എത്തുന്ന രാസപദാർത്ഥങ്ങൾ കലർന്ന മലിന വെള്ളവും കായൽ ലക്ഷകണക്ക് രൂപയുടെ സമ്പത്താണ് നശിപ്പിച്ചത് .അനേകായിരം കരിമീൻ,​ ചെമ്പല്ലി,​ ഞണ്ട്,​ കാരമീൻ,​ കൊഞ്ച്,​ പരച്ചിൽ  തുടങ്ങിയ കൂട്ടത്തോടെ ചത്ത് പൊങ്ങിയ സംഭവും ഉണ്ടായിട്ടുണ്ട്. ഇത് കാരണം ആഴ്ചകളോളം പ്രദേശം ദുർഗന്ധത്തിലായിരുന്നു. ഇടവിട്ട ദിവസങ്ങളിൽ കായൽ നിരീക്ഷണവും മറ്റ് പരിശോധനകളും നടത്താമെന്ന് അധികൃതർ മത്സ്യതൊഴിലാളികൾക്കും നാട്ടുകാർക്കും ഉറപ്പ് കൊടുത്തിട്ടും ഇതൊന്നും നടക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.നിലവിൽ കായലിന്റെ കരകൾ തോറും പ്ലാസ്റ്റിക്ക് അടങ്ങിയ മാലിന്യങ്ങളാണ് കുന്ന് കൂടി നടക്കുന്നത്. അതേ പോലെ രാസപദാർത്ഥങ്ങൾ കലർന്ന മാലിന്യം കായലിലേക്ക് ഒഴുക്കിവിടുന്നതിനാൽ കായൽ വെള്ളം പച്ച നിറത്തിലും എണ്ണ കലർന്നതു പോലെയുമാണ്. ഇത് കാരണം നൂറ് കണക്കിന് കായലിൽ പണിയെടുക്കുന്ന മത്സ്യതൊഴിലാളികളാണ് ദുരിതമനുഭവിക്കുന്നത്. വെളുപ്പിന് 2 മണിക്ക് തുടങ്ങുന്ന ജോലി രാവിലെ 9 മണി ആയാലും ചായ കുടിക്കാനുള്ള സമ്പാദ്യം പോലും കിട്ടാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇവരുടെ ഉപജീവന മാർഗ്ഗം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ്. പഞ്ചായത്തോ,​ ആരോഗ്യവകുപ്പോ,​ ജില്ലാഭരണകൂടമോ ഇതിനെതിരെ പ്രതികരിക്കുന്നില്ലന്നും നടപടി സ്വീകരിക്കുന്നില്ലന്നും നാട്ടുകാർ പറയുന്നു. വേലിയേറ്റമുണ്ടാകുന്ന സമയത്താണ് കായലിന്റെ തെക്കുഭാഗത്തെ ഒഴുക്കിന് അനുസരിച്ച് കൂടുതൽ മാലിന്യം ഒഴുകി കഠിനംകുളത്ത് എത്തുന്നുണ്ട്. പുറമെ പാ‌ർവതി പുത്തനാറിൽ നിന്നും ഒഴുകിയെത്തുന്ന രാസപദാ‌ത്ഥങ്ങടങ്ങിയ മാലിന്യവും കായലിന് ഭീക്ഷണിയാകുന്നുണ്ട്.   കായൽസമ്പത്തിന്റെ നാശത്തിന് പുറമേ വരാനിരിക്കുന്ന കഠിനംകുളത്തെ കായൽ ടൂറിസത്തിനും ഇവിടത്തെ ജനങ്ങൾക്കും ഇത് വൻ  തിരിച്ചടിയാണ് നൽകുന്നത്.