കരിഞ്ഞവയൽ തോട് വീണ്ടെടുക്കാൻ നടപടി തുടങ്ങി.

കഠിനംകുളം : പാർവ്വതിപുത്തനാറിന് സമാന്തരമായി തിരുവനന്തപുരം കോർപറേഷൻ അതിർത്തിയായ വിളയിൽകുളം മുതൽ ചാന്നാങ്കര വരെ എട്ട് കിലോമീറ്ററോളം ദൂരത്തിലുള്ള കഠിനംകുളം പഞ്ചായത്തിലെ കരിഞ്ഞവയൽ തോട് വീണ്ടെടുക്കാൻ നടപടി തുടങ്ങി. പതിറ്റാണ്ടുകൾക്ക് മുമ്പ് നെൽകൃഷി നശിച്ച് പാടശേഖരം പൂർണ്ണമായും നികന്നതോടെ തോടും ഇല്ലാതാവുകയായിരുന്നു. തോട് നിലനിന്നിരുന്ന സ്ഥലത്ത് ഫ്ലാറ്റുകളും കെട്ടിടങ്ങളും ഉയർന്നതോടെ മഴക്കാലമാകുമ്പോൾ ഈ പ്രദേശമാകെ വെള്ളക്കെട്ടാകുന്ന അവസ്ഥയാണ്. സമീപകാലത്തുണ്ടായ പ്രളയത്തിൽ നൂറുകണക്കിന് ജനങ്ങൾക്ക് ദുരിതാശ്വാസ ക്യാമ്പിൽ അഭയം പ്രാപിക്കേണ്ട സ്ഥിതിവിശേഷവുമുണ്ടായതോടെ ഈ ജലസ്രോതസ് പുനർനിർമ്മിക്കാൻ പഞ്ചായത്ത് ഭരണസമിതി മുന്നിട്ടിറങ്ങുകയായിരുന്നു. 150 തൊഴിലുറപ്പ് തൊഴിലാളികളാണ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത്. ഫ്ലാറ്റുകൾ നിലനിൽക്കുന്ന സ്ഥലത്തെ നിർമ്മാണപ്രവർത്തനങ്ങൾ ഫ്ലാറ്റ് അധികൃതരുടെ മേൽനോട്ടത്തിൽ ഇതോടൊപ്പം ആരംഭിച്ചു കഴിഞ്ഞു. ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പത്ത് ദിവസം കൊണ്ട് പൂർത്തീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ഫെലിക്സ് പറഞ്ഞു. മേനംകുളത്ത് ബോണിഫെയ്സിന്റെ പുരയിടത്തോട് ചേർന്നുള്ള ഭാഗത്തു നിന്നും ഒന്നാംഘട്ട നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ആശാമോൽ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ റാഫേൽ ആൽബി, റൊളുദോൻ, പഞ്ചായത്തംഗങ്ങളായ പ്രമീള, ജോസ് നിക്കോളാസ്, അബ്ദുൽ വാഹീദ്, സുനിജ , സിപിഐഎം മേനംകുളം ലോക്കൽ കമ്മറ്റി സെക്രട്ടറി ഹരിപ്രസാദ്, സിൻഡിക്കേറ്റംഗം ലെനിൻ ലാൽ, വില്ലേജ്ഒാഫീസർ ജയശങ്കർ, തൊഴിലുറപ്പ് അക്രഡിറ്റഡ് എഞ്ചിനീയർ രാമചന്ദ്രൻ എന്നിവർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.