കരകുളത്തുകാരുടെ പ്രിയപ്പെട്ട വില്ലേജ് ഓഫിസർ പടിയിറങ്ങി

കരകുളം : കരകുളം വില്ലേജ് ഓഫീസിനെ വ്യത്യസ്തതയുടെ വഴിയിലെത്തിച്ച പ്രിയ വില്ലേജ് ഓഫീസർ എസ് എ ജലീലിന് നാടിന്റെ യാത്രയയപ്പ‌്. വില്ലേജ് ഓഫീസിനെ ജനകീയവും സൗഹൃദപരവുമാക്കിയ ജലീൽ നാട്ടുകാർക്ക‌് പ്രിയങ്കരനായിരുന്നു‌. സാധാരണ വില്ലേജ് ഓഫീസുകളിൽ ആവശ്യത്തിനും അനാവശ്യത്തിനും ജനങ്ങൾ കയറിയിറങ്ങേണ്ടി വരുമ്പോൾ കരകുളം വില്ലേജ് ഓഫീസ് ജലീലിന്റെ നേതൃത്വത്തിൽ തികച്ചും വ്യത്യസ്തമായിരുന്നു. മറ്റു സർക്കാർ സ്ഥാപനങ്ങൾക്ക് മാതൃകയായി മാറാൻ കരകുളം വില്ലേജ് ഓഫീസിന‌് കഴിഞ്ഞിരുന്നു. 1991 ൽ ഇടുക്കി അടിമാലിയിൽ കൃഷി വകുപ്പിൽ എൽഡി ക്ലർക്കായി സർക്കാർ സേവനം ആരംഭിച്ച അദ്ദേഹം റവന്യു വകുപ്പിന‌് കീഴിൽ വിവിധ തസ്തികകളിൽ സേവനമനുഷ്ടിച്ചാണ് 2016ൽ കരകുളം വില്ലേജ് ഓഫീസിൽ നിയമിതനായത്.
എൺപത് വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിൽനിന്ന‌് റവന്യു ഭൂമിയിൽ തന്നെ പുതിയ കെട്ടിടം നിർമിച്ച് മാതൃകാ വില്ലേജ് ഓഫീസ് പ്രവർത്തനമാരംഭിക്കുന്നത് ജലീലിന്റെ കാലത്താണ്. വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുകളും വരാതെയാണ‌് ഓഫീസ് പ്രവർത്തനം. കസേര, കുടിവെള്ളം, ശുചിമുറി, എഫ്എം റേഡിയോ, ടെലിവിഷൻ എന്നീ സൗകര്യങ്ങൾ പൊതുജനങ്ങൾക്കായി ഒരുക്കി സമയബന്ധിതമായി അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും അദ്ദേഹം ശ്രമിച്ചു. “മുന്നിൽ ഇരിക്കുന്ന വ്യക്തിക്ക‌് തന്റെ സേവനമാണ് ആവശ്യമെന്ന  തിരിച്ചറിവിലൂടെയാണ് പ്രവർത്തിക്കുന്നതെന്നും ഈ നിലവാരത്തിൽ എത്തിക്കാൻ ജീവനക്കാരും നാട്ടുകാരും വിവിധ രാഷ്ട്രീയ കക്ഷികൾ, മത സാമുദായിക സംഘടനകളുടെയും സഹകരണം ലഭിച്ചുവെന്നും’ അദ്ദേഹം പറയുന്നു. ഉദ്യോഗസ്ഥരും ജീവനക്കാരും നാട്ടുകാരും ചേർന്ന് സ്നേഹോഷ്മളമായ യാത്രയയപ്പാണ് നൽകിയത്. മൂന്നു ദിവസം മുമ്പ‌് നെടുമങ്ങാട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാറായി സ്ഥാനക്കയറ്റം ലഭിച്ച‌ ജലീൽ തന്റെ 28 വർഷത്തെ സർക്കാർ സേവനത്തിൽനിന്ന‌് വെള്ളിയാഴ്ച വിരമിച്ചു. അരുവിക്കര കക്കാട് സ്വദേശിയാണ് ജലീൽ. ഭാര്യ: ബി വി സജീറ. മക്കൾ: തസ്നീഫ, മുഫ്സിന.