കോഴിമാലിന്യം മണ്ണിട്ടു മൂടിയത് വീണ്ടും പുറത്തേക്കു വരുന്നത് ദുർഗന്ധമുണ്ടാക്കുന്നു: പ്രദേശവാസികൾ ദുരിതത്തിൽ

കരവാരം : വഞ്ചിയൂർ പട്ടളയിൽ കോഴിമാലിന്യം മണ്ണിട്ടു മൂടിയത് വീണ്ടും പുറത്തേക്കു വരുന്നത് ദുർഗന്ധമുണ്ടാക്കുന്നു. പ്രദേശവാസികൾ ബുദ്ധിമുട്ടിലായി. റേഷൻ കടയ്ക്കുസമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ച എട്ട് ടാങ്കുകളിലാണ് വിവിധയിടങ്ങളിൽനിന്നായി ശേഖരിച്ച മാലിന്യം തള്ളിയത്. കടുത്ത ദുർഗന്ധമായതിനാൽ പ്രദേശത്ത് താമസിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് പ്രദേശവാസികൾ പറഞ്ഞു. പരാതിയെത്തുടർന്ന് കരവാരം പഞ്ചായത്ത് അധികൃതർ ഇടപ്പെട്ട് മൂന്ന് ടാങ്കുകളിൽ മണ്ണിട്ടു മൂടി കുമ്മായം വിതറിയെങ്കിലും അതിൽനിന്നു മാലിന്യം പൊട്ടിയൊലിക്കുകയാണ്. ബാക്കിയുള്ള ടാങ്കുകളിൽനിന്നു മാലിന്യം പുറത്തേക്കു ഒഴുകുന്നുണ്ട്. ആരോഗ്യവകുപ്പ് അധികൃതർ ഇവിടേക്കു തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. മാലിന്യപ്രശ്നംമൂലം അഞ്ച് കുടുംബങ്ങൾ പ്രദേശത്തുനിന്നും മാറിപ്പോയി. രാത്രിയിലായിരുന്നു വാഹനങ്ങളിൽ മാലിന്യം ഇവിടേക്ക് എത്തിക്കുന്നത്. മഴക്കാലത്ത് ഒഴുകിപ്പരന്നും ഇവ വീട്ടുമുറ്റങ്ങളിലും പറമ്പിലും കാക്കകളും മറ്റും കൊത്തിയിടുന്നതും പതിവാണ്. മാലിന്യം കലർന്ന വെള്ളം ഒഴുകിയിറങ്ങി കിണറുകളിലെത്തുന്നു. പ്രദേശത്തു പട്ടള കോളനിവാസികളടക്കം നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്.