കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്ന അഞ്ഞൂറ് പ്രാഥമിക കേന്ദ്രങ്ങളിൽ ആദ്യത്തേത് കരവാരമായിരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ

കരവാരം : സംസ്ഥാനത്ത് ഈ വർഷം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്ന അഞ്ഞൂറ് പ്രാഥമിക കേന്ദ്രങ്ങളിൽ ആദ്യത്തേത് കരവാരമായിരിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കരവാരം പി.എച്ച്.സിയെ മാതൃകാ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ന് വിരമിക്കുന്ന, ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അഡി. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ആരോഗ്യ മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന്റെ ജന്മഗ്രാമമായ കരവാരം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തെ മാതൃകാ കേന്ദ്രമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ അധിക ജീവനക്കാരെ ഉടൻ നിയമിക്കുമെന്നും, പകർച്ചപ്പനിയും നിപ്പയും തടയാൻ നടത്തിയ മാതൃകാ പ്രവർത്തനങ്ങളിൽ ആരോഗ്യ സെക്രട്ടറിയുടെ കരുത്തുറ്റ പ്രവർത്തനങ്ങൾ പങ്ക് വഹിച്ചതായും മന്ത്രി പറഞ്ഞു. അഡ്വ. ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മാതൃകാ കുടുംബാരോഗ്യ കേന്ദ്രത്തിന് ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിൽ മന്ദിരം നിർമ്മിച്ച് നൽകുമെന്ന് എം.എൽ.എ അറിയിച്ചു. ജീവിതശൈലി രോഗപ്രതിരോധത്തിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ സ്ഥാപിച്ച ഫിറ്റ്നെസ് സെന്റർ, നടപ്പാത, ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക്ക് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. രാജീവ് സദാനന്ദനെ മന്ത്രി, എം.എൽ.എ, പഞ്ചായത്ത് – ആരോഗ്യ വകുപ്പ് അധികൃതർ എന്നിവർ ആദരിച്ചു. കരവാരം പഞ്ചായത്ത് പ്രസിഡന്റ് ദീപ ഐ.എസ് സ്വാഗതവും വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ നന്ദിയും പറഞ്ഞു. എൻ.എച്ച്.എം ഡയറക്ടർ കേശവേന്ദ്രകുമാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൻ.സരിത, കെ.സുഭാഷ്, കെ.ശിവദാസൻ, ജൂബിലി വിനോദ്, ലിസി ശ്രീകുമാർ, ഡോ. അരുൺ .പി.വി, ഡോ. ദിലീപ് കുമാർ, ഡോ.വിപിൻ കെ.ഗോപാൽ, ഡോ. ഷാജി .കെ.വി, ഡോ. ഫാസില എന്നിവർ പങ്കെടുത്തു.