കാട്ടാക്കട പൊതുചന്തയിൽ മാലിന്യം കുന്നുകൂടുന്നു

പൂവച്ചൽ :പൂവച്ചൽ പഞ്ചായത്തിലെ കാട്ടാക്കട പൊതുചന്തയിൽ മാലിന്യം നീക്കംചെയ്യൽ നിലച്ചത് ജനങ്ങളെ വലയ്ക്കുന്നു. മത്സ്യച്ചന്തയിലും, വാഴക്കുല വിൽപ്പന നടക്കുന്നിടത്തുമൊക്കെ മാലിന്യം കുന്നുകൂടി. വേനൽമഴയിൽ മാലിന്യക്കൂമ്പാരം അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലാണ്. പലേടത്തും മലിനജലം കെട്ടിക്കിടക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു.

ചന്തയിലെ ചീഞ്ഞ മത്സ്യ അവശിഷ്ടങ്ങളും കെട്ടി നിൽക്കുന്ന വെള്ളവും ഈച്ചയും കൊതുകും പെരുകാനും പകർച്ചവ്യാധികൾക്കും കാരണമാകുമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് പ്രധാന ചന്തകൾ എങ്കിലും എല്ലാ ദിവസവും ചന്ത സജീവമാണ്. ഇവിടെയുള്ള എല്ലാ അവശിഷ്ടങ്ങളും ചന്തവളപ്പിൽ തന്നെയാണ് തള്ളുന്നത്. പുഴുക്കൾ നിറഞ്ഞ ഓടയുടെ സമീപത്താണ് മത്സ്യക്കച്ചവടം. കച്ചവടം നടത്തുന്ന സ്ത്രീകൾ ഉൾപ്പെടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നത് തുറസ്സായ സ്ഥലത്താണ്.

മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി പല കേന്ദ്രങ്ങളിലും ജനപ്രതിനിധികളുടെയും, രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ ശുചീകരണം നടത്തിയെങ്കിലും ചന്തയെ ആരും ശ്രദ്ധിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.