കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് ആശ്വാസമായി എം.എൽ.എയുടെ പ്രഖ്യാപനങ്ങൾ.

കിളിമാനൂർ: കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് ആശ്വാസമായി എം.എൽ.എയുടെ പ്രഖ്യാപനങ്ങൾ. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ സ്ഥിതി ചെയ്യുന്ന കേശവപുരം കമ്യൂണിറ്റി സെന്ററാണ് വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ കെട്ടിടം പണി പൂർത്തിയാകാതെയും, ലബോറട്ടറി സൗകര്യങ്ങളും ആംബുലൻസ് സൗകര്യങ്ങൾ ഇല്ലാതെയൊക്കെയുമായി വീർപ്പുമുട്ടിയിരുന്നത്.  തുടർന്ന് ബി.സത്യൻ എം.എൽ.എ ഇടപെടുകയും ആശുപത്രിയിൽ അടിയന്തര യോഗം വിളിച്ചു കൂട്ടുകയുമായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രീതയുൾപ്പെടെ പങ്കെടുത്ത യോഗത്തിൽ ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയാക്കി മാറ്റുമെന്നും, നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഒ.പി ബ്ലോക്ക് ഉൾപ്പെടുന്ന കെട്ടിടം പൂർത്തിയാക്കാൻ എം.എൽ.എ.ഫണ്ട്, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിക്കുമെന്നും, എക്സറേ യൂണിറ്റ് രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്നും, ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും സ്പെഷ്യലിസ്റ്റ് ഡോക്ടറെ ഉൾപ്പെടുത്തി മുഴുവൻ സമയവും ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തുമെന്നും എം.എൽ.എ അറിയിച്ചു. യോഗത്തോടനുബന്ധിച്ച് എൻ.എച്ച്.എമ്മിൽ നിന്ന് അനുവദിച്ച ആംബുലൻസിന്റെ താക്കോൽ ദാനം എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്, വൈസ് പ്രസിഡന്റ് സുഭാഷ്, പി.ആർ.രാജീവ്, എം.ഷാജഹാൻ,പഞ്ചായത്ത് പ്രസിഡന്റ് രഘു, ജില്ലാ പഞ്ചായത്തംഗം ഡി.സ്മിത, യഹിയ, അനിൽകുമാർ, എൻ.എച്ച്.എം പ്രോജക്ട് ഡയറക്ടർ ഡോ. അരുൺ, മെഡിക്കൽ ഓഫീസർ ഷാജി എന്നിവർ പങ്കെടുത്തു.