കിളിമാനൂരിൽ അപകടങ്ങൾ പതിവാകുന്നു.

കിളിമാനൂർ: കിളിമാനൂരിൽ അപകടങ്ങൾ പതിവാകുന്നു. കാൽനടയാത്രക്കാരും റോഡരികിലെ വ്യാപാരസ്ഥാപനങ്ങളിലെ തൊഴിലാളികളുമാണ് അപകടത്തിൽപ്പെടുന്നവരിൽ അധികവും. വലിയ വാഹനങ്ങൾക്ക് അകലം പാലിക്കുക എന്ന് എഴുതിയിട്ടുണ്ടെങ്കിലും ഇതൊന്നും പലരും പാലിക്കാറില്ല. വാഹനങ്ങളെ തൊട്ടരുമിയാണ് ഐലന്റുകളിൽ പോലും വാഹനങ്ങൾ നിർത്തുന്നത്. അപകടമേഖലകളിലും മറ്റും സപീഡ് ലിമിറ്റ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവിടെയും വേഗത കുറയ്ക്കാൻ പലരും തയ്യാറാകുന്നില്ല. ഇതും കൂട്ടിയിടിക്ക് കാരണമാകുന്നു. ഇതേ സമയം ബസുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ പോലും ഓവർ ടേക്ക് ചെയ്യുന്ന സംഭവവും പതിവാണ്. കിളിമാനൂർ ടൗണിൽ വലിയ പാലത്തിന് സമീപം വച്ച് നിറയെ യാത്രക്കാരുമായി കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ഇത്തരത്തിൽ നടത്തിയ ഓവർ ടേക്കിംഗിൽ ബസിൽ ഉള്ളവരെ മാത്രമല്ല ദൃക്സാക്ഷികളായ മറ്റു വാഹനക്കാരെ പോലും ഭയപ്പാടിൽ ആക്കിയിരുന്നു. യാത്രക്കാരുടെ ഭാഗ്യം കൊണ്ടാണ് ബസ് അപകടത്തിൽ പെടാതെ രക്ഷപെട്ടത്. കെ.എസ്.ടി.പിയുടെ അശാസ്ത്രീയമായ റോഡും അപകടങ്ങൾക്ക് കാരണം ഉണ്ടാകുന്നുണ്ടെങ്കിലും കൂട്ടയിടികൾക്ക് പിന്നിൽ ഡ്രൈവർമാരുടെ അശ്രദ്ധ തന്നെയെന്നാണ് നാട്ടുകാർ പറയുന്നത്. അപകടം കുറയ്ക്കുന്നതിനും, റോഡ് സുരക്ഷയ്ക്കുമായി സിഗ് സാഗ് ലൈനുകളും റിഫ്ലക്ട്ലൈനുകളും ഒക്കെ സ്ഥാപിക്കുമ്പോഴും ദിനം പ്രതി അപകടങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്.