മാലിന്യം ഒഴിഞ്ഞ് കിളിമാനൂർ മാർക്കറ്റ്…

കിളിമാനൂർ: മാലിന്യത്തിന്റെ ദുർഗന്ധം കാരണം മൂക്ക് പൊത്താതെ കിളിമാനൂർ മാർക്കറ്റിൽ കയറാൻ കഴിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ മൂക്ക് പൊത്തണ്ട, ഇപ്പോൾ ഇവിടെ നാറ്റം മാറി മാറ്റം വന്നു. ഇവിടെ മാർക്കറ്റിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. മാലിന്യം ജനജീവിതം ദുസ്സഹമാക്കി. ദുർഗന്ധം കാരണം ഇവിടത്തെ ജനങ്ങൾ ദുരിതത്തിലായിരുന്നു. സമീപത്തെ വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്കും മാലിന്യം ഒരു തലവേദനയായിരുന്നു. കിളിമാനൂർ സർക്കാർ ഹോമിയോ ആശുപത്രി, ആയുർവേദ ആശുപത്രി, അംഗൻവാടി, എക്സൈസ് ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങൾ ഈ മാർക്കറ്റിന് സമീപത്താണ്.

രാവിലെ മുതൽ മാർക്കറ്റിൽ മാലിന്യം നിക്ഷേപിക്കുന്ന കുഴിയിൽ അവ കത്തിക്കുമ്പോഴുണ്ടാകുന്ന പുക കാരണം പ്രദേശത്ത് ആർക്കും നിൽക്കാൻ കഴിയില്ലായിരുന്നു. പ്രദേശത്തെ ആശുപത്രികളിൽ എത്തുന്ന രോഗികൾക്കും ജീവനക്കാർക്കും ഈ ദുർഗന്ധവും, പുകയുമെല്ലാം വൻ പകർച്ച രോഗങ്ങളുടെ ഭീഷണിയുണ്ടായിരുന്നു. മാത്രമല്ല തൊട്ടടുത്തുള്ള അംഗൻവാടിയിലെ കുരുന്നുകളും ഇതേ അവസ്ഥയിലായിരുന്നു.

ഇപ്പോൾ മാർക്കറ്റിനകത്തെ മാലിന്യങ്ങൾ ജെ.സി.ബി.യും, ടിപ്പറും ഉപയോഗിച്ച് നീക്കം ചെയ്തു.മാലിന്യം നീക്കം ചെയ്തതോടെ ജനങ്ങൾ ആശ്വാസത്തിലാണ്. എന്നാൽ തുടർന്നും യഥാസമയം മാലിന്യം നീക്കം ചെയ്ത് ആരോഗ്യ സംരക്ഷണം നിലനിർത്തണമെന്നാണ് ജനങ്ങൾ പറയുന്നത്.