സൗകര്യങ്ങൾ ഒരുമിച്ച ‘സ്നേഹവീട്ടി’ലേക്ക് അമ്മയും മകളും, ഇത് വാലഞ്ചേരി അസോസിയേഷന്റെ സ്നേഹ സമ്മാനം !

കിളിമാനൂർ : കിളിമാനൂർ വാലഞ്ചേരി റസിഡൻറ്‌സ്‌ അസോസിയേഷൻ. പൊളിഞ്ഞുവീഴാറായ വീട്ടിൽ കഴിഞ്ഞിരുന്ന അമ്മയ്ക്കും മകൾക്കും പൊതുജനപങ്കാളിത്തത്തോടെ പുതിയവീട് നിർമിച്ചു നൽകുന്നു.വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ പന്ത്രണ്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ചു വാലഞ്ചേരി ഐരുമൂല ക്ഷേത്രട്രസ്റ്റ് ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്‌നേഹവീടിന്റെ താക്കോൽദാനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം അഡ്വ.ബി.സത്യൻ എം.എൽ.എയും നിർവ്വഹിച്ചു.

കിളിമാനൂർ വാലഞ്ചേരി കടയിൽവീട്ടിൽ രാജമ്മ (75), മകൾ ബിന്ദു (45) എന്നിവർക്കുവേണ്ടിയാണ് അസോസിയേഷൻ സ്നേഹവീടൊരുക്കിയത്. പഴയവീടുനിന്ന സ്ഥലത്ത് 550 ചതുരശ്ര അടിയിൽ എട്ടര ലക്ഷത്തോളം രൂപ ചെലവിട്ടാണ് വീട് നിർമിച്ചത്.

അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജലക്ഷ്മി അമ്മാൾ കർഷക അവാർഡ് വിതരണവും ഇൻസ്പെക്ടർ ഓഫ് പോലീസ് മുഹമ്മദ് ഷാഫിയും വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനസഹായ വിതരണവും നിർവഹിച്ചു.

ചടങ്ങിൽ സ്നേഹവീട് കോൺട്രാക്ടർ പ്രദീപ്, കൺവീനർ എസ്.വിപിൻ, നേതൃത്വം വഹിച്ച പ്രസിഡന്റ് മോഹൻ വാലഞ്ചേരി എന്നിവരെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും പ്രഫഷണൽ കോഴ്സുകളിലും ഉന്നത വിജയം നേടിയവരെ അഭിനന്ദിച്ചു . ബി.പി.ശെൽവകുമാർ അനുശോചനവും സെക്രട്ടറി എസ്.വിപിൻ റിപ്പോർട്ടും അവതരിപ്പിച്ചു. ഫ്രാക്ക് ജനറൽ സെക്രട്ടറി ടി.ചന്ദ്രബാബു മുഖ്യ പ്രഭാഷണവും ഗ്രാമ പഞ്ചായത്തംഗങ്ങളായ ബി.എസ്.റജി, ബീനാ വേണുഗോപാൽ, ഫ്രാക്ക് ട്രഷറർ ജി.ചന്ദബാബു എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി സ്വാഗതവും വൈസ് പ്രസിഡന്റ് പ്രഫ.എം.എം.ഇല്യാസ് കൃതഞ്ജതയും രേഖപ്പെടുത്തി. തുടർന്ന് വിവിധ കലാപരിപാടികളും നറുക്കെടുപ്പും സമ്മാനദാനവും നടന്നു.