കിള്ളിയാറിൽ മലിനജലവും മാലിന്യവും തള്ളുന്നവർക്കെതിരേ കർശന നടപടി

അരുവിക്കര: അരുവിക്കര ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ വരുന്ന പ്രദേശങ്ങളിലൂടെ ഒഴുകുന്ന കിള്ളിയാറിൽ മലിനജലവും മാലിന്യവും തള്ളുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡൻറ് ഐ.മിനി അറിയിച്ചു. മാലിന്യം തള്ളുന്നതായുള്ള പരാതികൾ വ്യാപകമായതിനെ തുടർന്ന് പരിശോധനകൾ ശക്തമാക്കി.

അഴിക്കോട് വാർഡിൽ മഴക്കാലപൂർവ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി തോടുകളും ഓടകളും വൃത്തിയാക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിനിടയിൽ നിരവധി വീടുകളിൽ നിന്നും കടകളിൽ നിന്നും പൈപ്പ് ഓടകളിലേക്കിറക്കി മലിനജലം കിള്ളിയാറിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങൾക്കും വീട്ടുടമകൾക്കും പഞ്ചായത്ത് നോട്ടീസ് നൽകി. ബന്ധപ്പെട്ടവർ ഓടകളിലേക്ക് ഇറക്കിയിരിക്കുന്ന പൈപ്പുകൾ അടിയന്തരമായി മാറ്റിയില്ലെങ്കിൽ പഞ്ചായത്ത് പ്രസ്തുത പണി ഏറ്റെടുത്ത് ചെയ്ത ശേഷം ചെലവു തുകയും പിഴയും ഉടമകളിൽ നിന്നും ഈടാക്കുമെന്നും പ്രസിഡൻറ് അറിയിച്ചു.