കിഴുവിലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ച സംഭവം : പ്രതിഷേധം ശക്തം

കിഴുവിലം : കഴിഞ്ഞ ദിവസം രാത്രി ഒൻപതര മണിയോടെ മാമംനട  പാവയിൽക്കട ജംഗ്ഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വഴിയിൽ തടഞ്ഞു മർദിച്ചവശനാക്കിയ സംഭവത്തിൽ പ്രതിഷേധം വ്യാപകമാവുന്നു. കിഴുവിലം മാമംനട പുത്തൻവിളയിൽ മീനുഭവനിൽ പ്രവീണി(26)നെ അഞ്ചു പേരടങ്ങുന്ന സംഘം റോഡിൽ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നത്രെ.ആക്രമണത്തിൽ പ്രവീണിന്റെ വലതുകൈ അടിച്ചൊടിച്ച നിലയിലാണ്.

ഒപ്പമുണ്ടായിരുന്ന അനുജൻ സച്ചിനെയും അക്രമികൾ മൃഗീയമായി മർദിച്ച ശേഷം  മുങ്ങുകയായിരുന്നത്രെ. റോഡിൽ രക്തത്തിൽ കുളിച്ചുകിടന്ന സഹോദരങ്ങളെ സമീപവാസികളും നാട്ടുകാരും ചേർന്നാണു ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരം ആയതിനാൽ ഇരുവരേയും തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിലേക്കു മാറ്റി. പ്രവീണിന്റെ ഒൻപതുമാസം പ്രായമായ കുഞ്ഞിനു മരുന്നുവാങ്ങി തിരികെ വീട്ടിലേക്കു വരുന്നസമയത്താണു ആക്രമണമുണ്ടായത്. കണ്ടാലറിയാവുന്നവരും കിഴുവിലം മാമംനട സ്വദേശികളുമാണു പ്രതികളെന്നു അക്രമത്തിനിരയായവർ പൊലീസിനു മൊഴി നൽകി.

രണ്ടാഴ്ച മുൻപും ഇതേ സംഘത്തിന്റെ നേതൃത്വത്തിൽ മാമംനടയിലെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുകാർക്കുനേരെ അക്രമം അഴിച്ചുവിട്ടതായി പരാതിയുണ്ട്. അക്രമിസംഘത്തിൽ പെട്ടവർ രാത്രികാലങ്ങളിലെത്തി നാട്ടുകാർക്കു നേരെ ഭീഷണിയുയർത്തുന്നതു സ്ഥലത്തു ഭീതിയും ഉയർത്തിയിരിക്കുകയാണ്. അക്രമം നടത്തിയ പ്രതികൾക്കെതിരെ നടപടികൾ കൈക്കൊള്ളുന്നതിൽ ചിറയിൻകീഴ് പൊലീസ് അന്വേഷണം ശക്തമാക്കണമെന്നു ചിറയിൻകീഴ് ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.വിശ്വനാഥൻനായർ, യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജുകൊച്ചാലുംമൂട് എന്നിവർ ഉന്നത പൊലീസ് അധികൃതരോടാവശ്യപ്പെട്ടു.