കൊല്ലമ്പുഴ പാർക്ക്‌ നവീകരണം വൈകുന്നതായി ആക്ഷേപം

ആ​റ്റിങ്ങൽ: ആറ്റിങ്ങൽ കൊല്ലമ്പുഴയിലെ കുട്ടികളുടെ പാർക്ക് നവീകരണം വൈകുന്നതായി ആക്ഷേപം. കുട്ടികൾക്ക് കളിക്കാനും സമയം പങ്കിടാനും ഏറെ അവസരമുള്ള ഈ വേനൽ അവധിക്കാലത്ത് പാർക്ക് തുറന്നുകൊടുക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു.

2019 ജനുവരിയിൽ പാർക്ക് തുറന്നുകൊടുക്കുമെന്ന് അറിയിച്ചു കൊണ്ട് 2018 നവംബറിലാണ് നിർമ്മാണ ഉദ്ഘാടനം നടന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണപ്രവർത്തനങ്ങൾ അതേപടി തന്നെ. വിനോദസഞ്ചാരവകുപ്പ് 28 ലക്ഷം രൂപ അനുവദിച്ചിരുന്നു. മാത്രമല്ല പാർക്കിന്റെ തുടർന്നുളള ഉടമസ്ഥാവകാശം നഗരസഭയ്ക്ക് കൈമാറാനും തീരുമാനമായത് പ്രകാരം വിനോദസഞ്ചാരവകുപ്പിന്റെ ഫണ്ട് നഗരസഭയുടെ നേതൃത്വത്തിൽ ചെലവിട്ടാണ് പാർക്കിന്റെ നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചത്.