കെഎസ്ആർടിസി രണ്ട് കാപ്പിൽ സർവീസ് നിർത്തിലാക്കിയെന്നു പരാതി

ഇടവ:കാപ്പിൽ വഴിയുള്ള രണ്ട് കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നിർത്തലാക്കിയത് പ്രദേശത്തെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കളക്‌ഷൻ കുറവെന്ന ന്യായം പറഞ്ഞാണ് ഉൾനാടൻ തീരദേശ ഗ്രാമത്തിന്റെ യാത്രാസൗകര്യം ഇല്ലാതാക്കുന്നത്. ആറുമാസം മുൻപാണ് മുന്നറിയിപ്പില്ലാതെ ബസുകൾ നിർത്തിയത്. ആറ്റിങ്ങലിൽനിന്നു പുറപ്പെട്ട് വർക്കല, കാപ്പിൽ വഴി പരവൂരിലേക്കും തിരിച്ചുമുള്ള ബസും മെഡിക്കൽ കോളേജ്-കാപ്പിൽ ബസുമാണ് നിർത്തിയത്. ഇതോടെ ഇടവ, കാപ്പിൽ മേഖലകളിൽ യാത്രാക്ലേശം രൂക്ഷമായി.

ആറ്റിങ്ങൽ ഡിപ്പോയിൽനിന്നു രാവിലെ 7.10-നും ഉച്ചയ്ക്ക് രണ്ടിനും പുറപ്പെട്ട് കാപ്പിൽവഴി പരവൂരെത്തി അതേ റൂട്ടിൽ തിരികെ മടങ്ങുന്ന ബസ് യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്നു. മെഡിക്കൽ കോളേജിൽനിന്നു വൈകീട്ട് 6.30-ന് വർക്കല വഴി കാപ്പിലിലെത്തി മടങ്ങുന്ന ബസ് തീവണ്ടിയിൽ വർക്കലയിൽ വന്നിറങ്ങുന്ന യാത്രക്കാരുടെ തുടർയാത്രയ്ക്ക് ഉപയോഗപ്രദമായിരുന്നു.

എട്ടുവർഷം മുൻപാരംഭിച്ച സർവീസുകൾ ആറു മാസം മുൻപുവരെ സമയനിഷ്ഠ പാലിച്ച് സർവീസ് നടത്തിയിരുന്നു. തുടർന്ന് സമയം ക്രമീകരിച്ചെങ്കിലും പിന്നീട് നിർത്തലാക്കുകയായിരുന്നു. സന്ധ്യകഴിഞ്ഞാൽ കാപ്പിൽ മേഖലയിലേക്ക് ബസുകൾ കുറവാണ്. സ്വകാര്യ ബസുകൾക്ക് പെർമിറ്റുണ്ടെങ്കിലും രാത്രി സ്ഥിരമായി ട്രിപ്പ് മുടക്കും. വർക്കലയിൽനിന്നു വൈകീട്ട് 6.20-ന് സ്വകാര്യ ബസ് കഴിഞ്ഞാൽ കാപ്പിലിലേക്ക് രാത്രി 8.15-നാണ് ബസുള്ളത്.

രാത്രി 8.15-നുള്ള കാപ്പിൽ സ്റ്റേ സർവീസ് പോയിക്കഴിഞ്ഞാൽ രാത്രി 10-നുള്ള കെ.എസ്.ആർ.ടി.സി. മാത്രമാണ് ആശ്രയം. രാത്രി 10-ന് വർക്കലനിന്ന് കാപ്പിലിലേക്കുള്ള കെ.എസ്.ആർ.ടി.സി. സ്റ്റേ സർവീസിനുനേരെ പലതവണ സാമൂഹികവിരുദ്ധരുടെ ആക്രമണമുണ്ടാകുകയും സർവീസ് നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. നാട്ടുകാരുടെ നിരന്തരമായ അഭ്യർഥന മാനിച്ചാണ് പുനഃസ്ഥാപിച്ചത്. നിർത്തിയ സർവീസുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളാണ് ആർ.ടി.ഒ. അടക്കമുള്ളവർക്ക് നൽകിയിട്ടുള്ളത്. സർവീസുകൾ പുനഃസ്ഥാപിക്കാൻ ജനപ്രതിനിധികൾ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു