ശാർക്കര കടകം വഴി കെഎസ്ആർടിസി സർവീസ് നടത്തുന്നില്ലെന്നു ആക്ഷേപം

ചിറയിൻകീഴ് : ചിറയിൻകീഴ് ശാർക്കര കടകം വഴി കെഎസ്ആർടിസി സർവീസ് നടത്തുന്നില്ലെന്നു ആക്ഷേപം. ശാർക്കര മഞ്ചാടിമൂട് ബൈപ്പാസ് യാഥാർത്ഥ്യമായതോടെ കൂടിയാണ് ഇതുവഴിയുള്ള സർവീസ് കെഎസ്ആർടിസി നിർത്തലാക്കിയത്. കടകം, അനന്തപത്മനാഭൻതോപ്പ് , പുളുന്തുരുത്തി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് കെഎസ്ആർടിസിയുടെ അഭാവത്തിൽ രൂക്ഷമായ യാത്രാക്ലേശം നേരിടുന്നത്. സ്കൂൾ, കോളേജ്, ആശുപത്രി എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ ഉള്ളതിനാൽ നിരവധി യാത്രക്കാരാണ് ദൈനംദിനം ഇതുവഴി യാത്ര ചെയ്യുന്നത്. ബൈപാസ് യാഥാർത്ഥ്യമായതോടെ പാരലൽ സർവീസുകളും ഈ റൂട്ടിനെ മറന്ന മട്ടാണ്. രണ്ടു റെയിൽവേഗേറ്റുകൾക്കിടയിൽ ഉള്ള സ്ഥലമായതിനാലാണ് സർവീസുകൾ നിർത്തലാക്കേണ്ടിവന്നതത്രെ. നിലവിൽ പ്രദേശവാസികൾ ബൈപ്പാസിൽ എത്താൻ അധിക ദൂരം സഞ്ചരിച്ച് റെയിൽവേ ലൈനുകൾ മുറിച്ചു കടക്കേണ്ടി വരുന്നുണ്ട്. ഇത് സംബന്ധിച്ച് ഒട്ടനവധി പരാതികൾ നൽകിയെങ്കിലും എങ്കിലും പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു