
പാലോട് : പാലോട്ടെ പഴയ കെഎസ്ആര്‍ടിസി സ്റ്റാൻഡിലെ കെട്ടിടങ്ങള്‍ കാടുകയറി നശിക്കുന്നു. 2011ല്‍ ബസ് സ്റ്റേഷന് നന്ദിയോട് പഞ്ചായത്തിലെ ആശുപത്രി ജംഗ്ഷനില്‍ നിന്നും പെരിങ്ങമ്മല പഞ്ചായത്തിലെ പാലോട്ടേയ്ക്ക് മാറ്റിയതോടെയാണ് ഇവിടെയുള്ള കെട്ടിടങ്ങൾ അനാഥമായത്.
സ്റ്റേഷന് മാറ്റിയെങ്കിലും കെഎസ്ആര്‍ടിസിയുടെ ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് അധികൃതർ ഇങ്ങോട്ടുതിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതോടെ കെട്ടിടങ്ങള്‍ കാലഹരണപ്പെട്ടു തുടങ്ങി. കഴിഞ്ഞ മഴക്കാലത്ത് വര്‍ക്ക്ഷോപ്പ് കെട്ടിടത്തിന്റെ ഒരുഭാഗം പൂര്‍ണമായും ഇടിഞ്ഞുവീണു. സ്റ്റേഷന്മാസ്റ്ററുടെ ഓഫീസ് നിലവില്‍ കാടുമൂടികിടക്കുകയാണ്.
ഡിപ്പോയുടെ സ്ഥലം സ്വകാര്യ വാഹനങ്ങൾ കൈയേറി പാര്‍ക്കിംഗ് ഗ്രൗണ്ടാക്കിമാറ്റി. സ്റ്റോര്‍റൂം ഉള്‍പ്പെടെയുള്ള കെട്ടിടം ഇരുചക്രവാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് ഏരിയയാണ്. കെട്ടിടം ഉപയോഗശൂന്യമായതോടെ കെഎസ്ഇബി ഇവിടുത്തെ വൈദ്യുതബന്ധം വിച്ഛേദിച്ചു. സന്ധ്യകഴിഞ്ഞാല്‍ ഇവിടം സമൂഹവിരുദ്ധരുടെ താവളമാണെന്ന് നാട്ടുകാരും,വ്യാപാരികളുംപറയുന്നു.
ഈ കെട്ടിടത്തിന്റെ വശത്തുകൂടിയാണ് സബ് രജിസ്ട്രാര്‍ ഓഫീസിലേയ്ക്കും വാട്ടര്‍അഥോറിറ്റിയുടെ ഓഫീസിലേയ്ക്കും നൂറുകണക്കിന് വീടുകളിലേയ്ക്കും പോകാനുള്ള വഴി . സാമൂഹ്യവിരുദ്ധർ ഇവിടെ താവളമാക്കിയതോടെ ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.