എല്ലാവരും ഉറക്കത്തിൽ.. അനധികൃതമായി ലോറികളിൽ പാറ കടത്തുന്നു

ആറ്റിങ്ങൽ : പാസില്ലാതെ അനധികൃതമായി പാറ കടത്തുന്ന ലോറികൾ ദിനംപ്രതി വർധിക്കുന്നതായി പരാതി. ആറ്റിങ്ങൽ, വർക്കല തുടങ്ങിയ പ്രദേശങ്ങളിലാണ് ലോറികൾ അനധികൃതമായി പാറ കടത്തുന്നത്. ഈ ലോറിക പുലർച്ചെ രണ്ടിനു രണ്ടുമണിക്കും നാലുമണിക്കും ഇടയിലാണ് ചീറിപ്പായുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിക്കാതെ തുറന്നുവെച്ച ലോറികളിൽ പാറയുമായി പോകുന്ന ലോറികൾക്ക് തൊട്ടു പിന്നാലെ വരുന്ന ഇരുചക്രവാഹനങ്ങൾക്കും മറ്റ് വാഹനങ്ങൾക്കും അപകടഭീഷണിയുണ്ട്. നിശ്ചിത അളവിൽ കൂടുതൽ പാറ ഖനനം ചെയ്യാൻ പാടില്ല എന്ന നിയമവും ഇവിടെ ലംഘിക്കപ്പെടുകയാണ്. എത്ര പാറയാണ് ലോറികളിൽ കയറ്റി പോകേണ്ടത് എന്നുള്ള കണക്കും തെറ്റിച്ച് പാസ് പോലുമില്ലാതെ ലോറികൾ പാറ കടത്തി വലിയ ലാഭം കൊയ്യുകയാണ്. പോലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നല്ല ഉറക്കത്തിൽ ആകുന്ന സമയത്താണ് ഇത്തരം ലോറികൾ പാറ കടത്തുന്നത്. അതുകൊണ്ടുതന്നെ ഇവരെ പിടികൂടാനോ വേണ്ട നടപടികൾ സ്വീകരിക്കാനോ സാധിക്കുന്നില്ല. ഇതിനുമുമ്പും നിരവധി തവണ ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം അനധികൃതമായി പാറ കടത്തുന്ന ലോറികൾക്കെതിരെ ഉദ്യോഗസ്ഥരുടെ ശ്രദ്ധ ക്ഷണിച്ചിരുന്നു. എന്നാൽ തുടർന്നും ലോറികളിൽ അനധികൃതമായി പാറ കടത്തുന്നു എന്നത് ആശ്ചര്യമാണ്. പുലർച്ചെ അനധികൃതമായി കടത്തുന്ന പാറ ലോറികളെ നിരീക്ഷിച്ച് രാത്രികാല പട്രോളിംഗ് ശക്തമാക്കി വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

-ആറ്റിങ്ങൽ വാർത്ത എക്സ്ക്ലൂസീവ്