എം.ഐ. ഷീനയ്ക്ക് വയ്യേറ്റ് കെ. സോമൻ സ്മാരക പുരസ്കാരം

നെല്ലനാട്: ദീർഘകാലം നെല്ലനാട് ഗ്രാമപഞ്ചായത്ത് അംഗവും, പൊതു പ്രവർത്തകനുമായിരുന്ന വയ്യേറ്റ് കെ. സോമന്റെ സ്മരണാർത്ഥം വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ വയ്യേറ്റ് കെ. സോമൻ സ്മാരക പുരസ്കാരം അദ്ധ്യാപികയും പൊതു പ്രവർത്തകയുമായ എം.ഐ. ഷീനയ്ക്ക് നൽകി. വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് ഹാളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ വച്ച് ഡെപ്യൂട്ടി സ്പീക്കർ വി. ശശിയാണ് പുരസ്കാരം സമ്മാനിച്ചത്. തുടർന്ന് നടന്ന പൊതു സമ്മേനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു .ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് എസ്. കുറുപ്പ്, വിജു ശങ്കർ, അജിത്ത്, അനിതാ മഹേശൻ, തൈക്കാട് രാജൻ, എച്ച്. ജമീല തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് എ.എം. റൈസ് സ്വാഗതവും, സെക്രട്ടറി രാമകൃഷ്ണപിള്ള നന്ദിയും പറഞ്ഞു. സഹകരണ ബാങ്കും സഹകരണ ഗ്രന്ഥശാലയും സംയുക്തമായാണ് പ്രതിഭാ സായാഹ്നം സംഘടിപ്പിച്ചിരുന്നത്. നെല്ലനാട് പഞ്ചായത്തിലെ ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ ഏറ്റവും മികച്ച വിദ്യാത്ഥികൾക്ക് വയ്യേറ്റ് കെ. സോമൻ സ്മാരക ക്യാഷ് അവാർഡും ട്രോഫിയും നല്കി അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ തൊണ്ണൂറ് ശതമാനം മാർക്ക് നേടിയവർക്ക് ബാങ്ക് നല്കി വരുന്ന ക്യാഷ് അവാർഡും, ഉന്നത വിദ്യാഭ്യാസ രംഗത്തും സവിശേഷ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും ആദരിച്ചു.