മടവൂരിൽ കുരങ്ങുകളും പന്നികളും കൃഷി നശിപ്പിക്കുന്നു.

മടവൂർ: മടവൂരിൽ കുരങ്ങുകളും പന്നികളും കൃഷി നശിപ്പിക്കുന്നു. രാത്രി കാലത്ത് കാട്ടുപന്നികളും, മുള്ളൻപന്നികളും കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങി കാർഷിക വിളകൾ കുത്തിയിളക്കി നശിപ്പിക്കുമ്പോൾ, പകൽ സമയങ്ങളിൽ കുരങ്ങുകളും, മയിലുകളുമാണ് കൃഷികൾ നശിപ്പിക്കുന്നത്. മടവൂർ പഞ്ചായത്തിലെ വിളയ്ക്കാട്, മടവൂർ, അറുകാഞ്ഞിരം, നിലമേൽ പഞ്ചായത്തിലെ പൂവത്തൂർ, പള്ളിക്കൽ പഞ്ചായത്തിലെ കെ.കെ.കോണം വാർഡുകളിലാണ് കുരങ്ങ്, മയിൽ, കാട്ടുപന്നി, മുള്ളൻപന്നി എന്നിവയുടെ ശല്യം കർഷകർക്കും കാർഷിക വിളകൾക്കും കനത്ത ഭീഷണി ഉയർത്തുന്നത്.

വാഴ, മരച്ചീനി, ചേന, ചേമ്പ് തുടങ്ങി സകലമാന കാർഷിക വിളകളും കാട്ടുപന്നികൾ കുത്തിയിളക്കി നശിപ്പിക്കുമ്പോൾ, കുരങ്ങുകൾ തേങ്ങ, പഴവർഗങ്ങൾ, മരച്ചീനി, വാഴ എന്നിവയും മയിലുകൾ പച്ചക്കറി കൃഷികളും നശിപ്പിക്കുന്നു . കാട്ടുപന്നികളുടെ വിളയാട്ടം രാത്രിയിലാണ്.  കുരങ്ങുകളും മയിലും പകൽ മുഴുവൻ കറങ്ങി കൃഷികൾ നശിപ്പിക്കും. ഒരു സമയത്ത് ഏകദേശം ഇരുനൂറോളം പന്നികളും,അഞ്ഞൂറിന്  മുകളിൽ  വരുന്ന കുരങ്ങുകളും മയിലുകളുമാണ് രാത്രിയിലും പകലുമായി കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നത്.

410 ഏക്കർ വിസ്തീർണമുള്ള ഇളമ്പ്രക്കോട് വനത്തിൽ നിന്നാണ് കാട്ടുപന്നികളും മുള്ളൻപന്നികളും  കുരങ്ങുകളും മയിലുകളും എത്തുന്നത്. വർഷങ്ങളായി തുടരുന്ന ഇവയുടെ ശല്യം നാല് വർഷത്തിനുള്ളിലാണ് ഭീകരമായതെന്ന് കർഷകരായ അറുകാഞ്ഞിരം അതുല്യയിൽ രാധാകൃഷ്ണപിള്ളയും, അജീഷ്ഭവനിൽ മോഹനൻപിള്ളയും, വലിയവീട്ടിൽ രാധാകൃഷ്ണൻ ഉണ്ണിത്താനും പറയുന്നു.

പന്നിശല്യം കാരണം ഭൂരിപക്ഷം കർഷകരും കൃഷി മതിയാക്കി. ചിലർ പശുവളർത്തലിലേക്ക് മാറി. കൃഷി ഭൂമിക്ക് ചുറ്റും കമ്പിവേലി, ടിൻ വേലി കെട്ടിയാണ് പലരും ഇപ്പോൾ കൃഷിയിറക്കുന്നത്. ഒരു ഏക്കറിനു ചുറ്റും കമ്പിവേലി കെട്ടുവാൻ 1.5 ലക്ഷവും, ടിൻ വേലിക്ക് 50,000 രൂപയും ചെലവ് വരും. പന്നി, മയിൽ, കുരങ്ങ് എന്നിവയുടെ ശല്യം ഒഴിവാക്കുകാൻ ഇളമ്പ്രക്കോട് വനത്തിനു ചുറ്റും കമ്പി വേലിയും, കിടങ്ങുകളും  നിർമിക്കണമെന്നാണ് കർഷകരുടെ ആവശ്യം.