യുവാവ് കഴുത്തറുത്ത് മരിച്ച സംഭവത്തിൽ വഴിത്തിരിവ് :6 വയസ്സുകാരന്റെ മൊഴി ഇങ്ങനെ..

വെമ്പായം : കുടുംബ വഴക്കിനിടെ യുവാവ് കഴുത്തറുത്ത് മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി. മരിച്ച വിനോദിന്റെ ആറു വയസുള്ള മകന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. രാവിലെ പള്ളിയിൽ പോയി തിരികെ വീട്ടിലെത്തിയ ശേഷം അച്ഛൻ പുറത്തുപോയ സമയം അമ്മയുടെ സുഹൃത്തായ അങ്കിൾ വീട്ടിൽ വന്നെന്നും ഉച്ചയ്ക്ക് വീട്ടിലെത്തിയ അച്ഛൻ അടുക്കളയിൽവച്ച് ഇയാളുമായും അമ്മയുമായും വഴക്കുണ്ടാവുകയും ചെയ്‌തെന്ന് മകൻ മൊഴി നൽകി. ഇതിന് ശേഷമാണ് കഴുത്തിൽ മുറിവേറ്റ നിലയിൽ വിനോദ് വീടിന് മുന്നിൽ കമഴ്ന്ന് വീണതെന്നുമാണ് മകൻ നൽകിയ മൊഴി. പൊലീസ് മജിസ്ട്രേറ്റിന് മൊഴി കൈമാറിയെന്നാണ് സൂചന. വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട് വാടകയ്ക്ക് താമസിക്കുന്ന ജോസഫ് – ശോശാമ്മ ദമ്പതികളുടെ മകൻ വിനോദ്കുമാറാണ് (35 ) കഴിഞ്ഞ ഞായറാഴ്ച മരിച്ചത്. സംഭവ ദിവസം വീട്ടിലെത്തിയ ഭാര്യയുടെ സുഹൃത്തായ ടിപ്പർ ലോറി ഡ്രൈവർ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. മരണത്തിൽ ശാസ്ത്രീയ അന്വേഷണം നടത്താനും തെളിവെടുപ്പിനുമായി ഫോറൻസിക് സംഘം സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. തന്നോട് വഴക്കുകൂടുന്നതിനിടെ കറിക്കത്തിയെടുത്ത് വിനോദ് സ്വയം കഴുത്തറുക്കുകയായിരുന്നെന്നാണ് ഭാര്യ പൊലീസിനോട് പറഞ്ഞത്. മുമ്പ് നിരവധി തവണ വിനോദിനെ ഭാര്യ മർദ്ദിച്ചെന്നും വിനോദിന്റെ ബന്ധുക്കൾ പറഞ്ഞു. വട്ടപ്പാറ സ്റ്റേഷനിൽ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. മരണത്തിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിനോദിന്റെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. പാലോട് മൈലമൂട് സ്വദേശിയായ വിനോദും കുടുംബവും മൂന്ന് വർഷം മുമ്പാണ് വട്ടപ്പാറയിലെ വാടകവീട്ടിൽ താമസം മാറിയത്. വിനോദ് പെയിന്റിംഗ് തൊഴിലാളിയാണ്. അയൽക്കാരുമായോ ബന്ധുക്കളുമായോ അധികം സഹകരണമില്ലാത്ത ഇരുവരും പരസ്‌പരം കലഹിക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.