‘മണിനാദം’ മുഴങ്ങും – ആറ്റിങ്ങലിൽ കലാഭവൻ മണി സേവന സമിതി റോഡ് മ്യൂസിക്കൽ ഷോ സംഘടിപ്പിച്ചു

ആറ്റിങ്ങൽ : സിനിമാ രംഗത്തും സാമൂഹ്യ പ്രവർത്തന രംഗത്തും വളരെ വ്യക്തിപ്രഭാവം തെളിയിച്ച കലാഭവൻ മണിയുടെ പേരിൽ ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന കലാഭവൻ മണി സേവന സമിതി ജനസേവനവുമായി മുന്നോട്ട് നീങ്ങുന്നു. ദിനവും ഒട്ടനവധി പേരുടെ വിശപ്പകറ്റാൻ സേവന സമിതിക്ക് കഴിയുന്നുണ്ട്. നിസ്സഹായരും നിരാലംബരുമായവർക്ക് താങ്ങും തണലുമാകുക എന്ന ലക്ഷ്യത്തോടെയാണ് കലാഭവൻമണി സേവന സമിതി രൂപം കൊണ്ടത്. സാമൂഹിക പ്രവർത്തകനായ അജിൽ മണിമുത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നത്.

പത്തുവർഷത്തോളമായി പ്രവർത്തിക്കുന്ന കലാഭവൻ മണി സേവന സമിതി കഷ്ടതയനുഭവിക്കുന്ന പാവങ്ങളോടൊപ്പം ഇന്നും ഒരു കൈത്താങ്ങായി നിന്ന് പ്രവർത്തനം തുടരുകയാണ്. ആംബുലൻസ് സർവീസ്, നിത്യവും അന്നദാനം, കാൻസർ രോഗികൾക്ക് ഒരു കൈസഹായം, വിദ്യാഭ്യാസ സഹായ വിതരണം, രോഗികൾക്കുള്ള ധനസഹായം വിതരണം, അനാഥരായ പെൺകുട്ടികൾക്ക് മംഗല്യസൗഭാഗ്യം, ലഹരിക്കെതിരെ പോരാട്ടം, തെരുവിലലയുന്ന അനാഥർക്ക് അഭയകേന്ദ്രം തുടങ്ങി ഒട്ടനവധി പദ്ധതികൾ നടന്നു വരുന്നു.

ഇതിനോടൊപ്പം കലാകാരന്മാർക്ക് ഒരു അവസരം എന്ന നിലയ്ക്ക് ആറ്റിങ്ങലിൽ റോഡ് മ്യൂസിക്കൽ ഷോ സംഘടിപ്പിച്ചു. മണിനാദം എന്ന പേരിൽ സമൂഹത്തിൻറെ വിവിധ തലങ്ങളിലുള്ള കലാകാരന്മാർക്ക് അവസരം നൽകുക എന്ന പ്രഥമ ലക്ഷ്യത്തോടുകൂടിയാണ് റോഡ് മ്യൂസിക്കൽ ഷോ നടത്തുന്നത്. മാത്രമല്ല പാവങ്ങൾക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന കലാഭവൻമണി സേവന സമിതി ചാരിറ്റബിൾ ട്രസ്റ്റിലേക്ക് ധനസമാഹരണവും നടക്കുന്നുണ്ട്. ദിവസവും ഭാരിച്ച ചെലവുള്ള പ്രവർത്തനങ്ങളാണ് സേവന സമിതി നടത്തിവരുന്നത്. ഇതിന് പ്രദേശത്തുള്ളവരും പ്രദേശത്തിന് പുറത്തുള്ളവരുമായ ഒരുപാട് സുമനസ്സുകളുടെ സഹായവും എത്തുന്നുണ്ട്. തുടർന്നും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു സജീവമായിത്തന്നെ മുന്നോട്ടു നീങ്ങുകയാണ്. ഇനി കലാഭവൻമണി സേവന സമിതിയുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ മണിനാദം റോഡ് മ്യൂസിക്കൽ ഷോപ്പ് സംഘടിപ്പിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.