മാറനല്ലൂര്‍ പഞ്ചായത്തിലെ കിളിക്കോട്ടുകോണം വാര്‍ഡില്‍ നിര്‍മിച്ച ചാനല്‍ പാലവും അപ്രോച്ച്‌ റോഡും വിവാദത്തില്‍

മാറനല്ലൂർ : തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 13,04,72 രൂപ കരാര്‍ നല്‍കി മാറനല്ലൂര്‍ പഞ്ചായത്തിലെ കിളിക്കോട്ടുകോണം വാര്‍ഡില്‍ നിര്‍മിച്ച ചാനല്‍ പാലവും അപ്രോച്ച്‌ റോഡും വിവാദത്തില്‍. ജില്ലാ പഞ്ചായത്തംഗം വി. ര്‍. രമകുമാരി മുന്‍കൈയെടുത്താണ്‌ രണ്ട്‌ ഗ്രാമങ്ങളെ ബന്ധിപ്പിച്ചു നെയ്യാര്‍ ഇറിഗേഷന്‍ കനാലിനു കുറുകെ പാലം നിര്‍മിക്കാന്‍ ഫണ്ട്‌ അനുവദിച്ചത്‌. 15 ലക്ഷം രൂപയായിരുന്നു അടങ്കല്‍ തുകയെങ്കിലും കരാറുകാരന്‍ 13 ലക്ഷത്തിന്‌ ടെന്‍ഡറെടുത്തു. നിര്‍മാണം പൂര്‍ ത്തീകരിച്ചതിനെ തുടര്‍ന്ന്‌ പാലത്തിലേക്ക്‌ കയറാനുള്ള സ്‌ഥലം മണ്ണിട്ട്‌ നികത്തി കുറച്ചു ഭാഗം കോണ്‍ക്രീറ്റ്‌ ചെയ്‌തു. പാലത്തില്‍ നിന്നും താഴെ ഇറങ്ങണമെങ്കില്‍ രണ്ടടി താഴ്‌ചയില്‍ ചാടണം. ഫലത്തില്‍ ജില്ലാ പഞ്ചായത്ത്‌ നിര്‍മിച്ച പാലം നാട്ടുകാര്‍ക്ക്‌ പ്രയോജന രഹിതമായി. സ്‌ഥലവാസികള്‍ പ്രതിഷേധവുമായെത്തിയതോടെ മാറനല്ലൂര്‍ പഞ്ചായത്ത്‌ തനത്‌ ഫണ്ടില്‍ നിന്നും പാലത്തിനക്കരെ അപ്രോച്ച്‌ റോഡ്‌ ചെയ്യാന്‍ 9 ലക്ഷത്തിന്‌ കരാര്‍ നല്‍കി.
താഴ്‌ന്ന പ്രദേശത്തെ 50 മീറ്ററോളം വരുന്ന കുറച്ച്‌ ഭാഗം കരിങ്കല്ലുകള്‍ അടുക്കി അതിന്‌ മുകളില്‍ കോണ്‍ക്രീറ്റ്‌ ചെയ്യുകയും അല്‍പദൂരം മണ്ണിടുകയും ചെയ്‌ത ശേഷം ഫണ്ട്‌ തികയില്ലെന്ന കാരണം പറഞ്ഞ്‌ കരാറുകാരന്‍ സ്‌ഥലംവിട്ടു. 9 ലക്ഷത്തിന്റെ കരാറാണ്‌ എടുത്തതെങ്കിലും 4 ലക്ഷത്തിന്റെ പണിപോലും നടന്നിട്ടില്ലെന്ന്‌ പ്രഥമദൃഷ്‌ട്യാ മനസിലാകുമെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. പണി പൂര്‍ത്തിയാക്കാതെ മിച്ചമുണ്ടായിരുന്ന കരിങ്കല്ലുകളും പാറപ്പൊടിയും സ്‌ഥലത്തെ പ്രാ ദേശിക നേതാവിന്‌ വെറുതെ കൊടുത്ത്‌ അയാളില്‍ നിന്നുള്ള പ്രതിഷേധം നിശബ്‌ദ മാക്കിയതായി നാട്ടുകാര്‍ പറഞ്ഞു. കരാര്‍ തുക വര്‍ദ്ധിപ്പിച്ചു നല്‍കാനാണ്‌ പാതിവഴിയില്‍ പണി ഉപേക്ഷിച്ചതെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്‌ സ്‌ഥല വാസികള്‍ തദ്ദേശ വകുപ്പ്‌ വിജിലന്‍സിന്‌ പരാതി നല്‍കി. മാറനല്ലൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌.രമയാണ്‌ കിളിക്കോട്ടുകോണം വാര്‍ഡിനെ പ്രതിനിധീകരിക്കുന്നത്‌.