
മാറനല്ലൂർ: പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കസേര വലിച്ചെറിഞ്ഞ് അംഗത്തിന്റെ പ്രതിഷേധം. ചൊവ്വാഴ്ച വൈകുന്നേരം മൂന്നിനുകൂടിയ അടിയന്തരയോഗത്തിലാണ് കരിങ്ങൽ വാർഡംഗം എസ്.ജോയി കസേര വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചത്.
തൂങ്ങാംപാറയ്ക്കുസമീപമുള്ള പെരുംകുളം ജലസേചന വകുപ്പ് നവീകരിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെത്തുടർന്നാണ് ചൊവ്വാഴ്ച യോഗം ചേർന്നത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് കുളത്തിൽനിന്നു ചെളി നീക്കംചെയ്തതെന്നാണ് ബി.ജെ.പി. ആരോപിക്കുന്നത്. യോഗത്തിൽ ജലസേചനവകുപ്പ് എക്സിക്യുട്ടീവ് എൻജിനീയറിൽനിന്നു വിശദമായ റിപ്പോർട്ട് ലഭിച്ചശേഷം അന്വേഷണം നടത്താമെന്ന് ബന്ധപ്പെട്ടവർ ഉറപ്പു നൽകി.
ജോലി ലഭിച്ചതിനെത്തുടർന്ന് കണ്ടല, കുഴിവിള വാർഡുകളിലെ വനിതാ അംഗങ്ങൾ രാജിവെച്ചതിനെത്തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതുമായി ബന്ധപ്പെട്ട് തൂങ്ങാംപാറ വാർഡംഗം ഉദ്യോഗസ്ഥരോട് വോട്ടർപ്പട്ടിക കാണിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് യോഗം അലങ്കോലമാകാൻ കാരണം.
വോട്ടർപ്പട്ടിക കാണിക്കണമെന്ന് ആവശ്യപ്പെടുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതും ചോദ്യംചെയ്ത സി.പി.എം. അംഗങ്ങളെ കോൺഗ്രസ് അംഗങ്ങൾ കൈയേറ്റം ചെയ്യാൻ ശ്രമിക്കവേ കസേര നീക്കിയിട്ട് കമ്മിറ്റി ബഹിഷ്കരിക്കുക മാത്രമാണ് ചെയ്തതെന്ന് പഞ്ചായത്തംഗം എസ്.ജോയി പറഞ്ഞു.