പരാധീനതകൾക്ക് നടുവിലൊരു ചന്ത, കൂട്ടിന് മാലിന്യവും !

നന്ദിയോട്  : നന്ദിയോട് ചന്തയിൽ മാലിന്യനീക്കം നിലച്ചതും പൊതുടോയ്‌ലറ്റിൽ വെള്ളമില്ലാത്തതും കച്ചവടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. മൂക്കു പൊത്താതെ ചന്തയിലേക്ക് പ്രവേശിക്കാനാകാത്ത അവസ്ഥയാണ്. കച്ചവടക്കാർ വലിച്ചെറിയുന്ന മാലിന്യക്കൂമ്പാരത്തിലാണ് ചന്തയിലെത്തുന്നവർ മലമൂത്ര വിസർജ്ജനം നടത്തുന്നത്. പൊതുടോയ്‌ലറ്റിൽ വാട്ടർ കണക്ഷൻ വിച്ഛേദിച്ചിട്ട് മൂന്ന് മാസമായെന്നും വെള്ളം ഇല്ലാത്തതാണ് മലമൂത്ര വിസർജനം പൊതുസ്ഥലത്തേയ്ക്ക് വ്യാപിക്കാൻ ഇടയാക്കിയതെന്നും നാട്ടുകാർ പറയുന്നു. വാട്ടർ അതോറിട്ടിയിൽ ഒരു ലക്ഷത്തിലേറെ രൂപ അടയ്ക്കാനുണ്ടെന്നാണ് അറിയുന്നത്. മാലിന്യക്കൂമ്പാരത്തിൽ നിന്ന് മലിനജലം ഒഴുകി വരുന്ന സ്ഥലത്താണ് പച്ചക്കറി വ്യാപാരം. സ്ത്രീകൾ ഉൾപ്പടെയുള്ള പച്ചക്കറി കച്ചവടക്കാർ ഈ ദുർഗന്ധം സഹിച്ച് കഴിയേണ്ട അവസ്ഥയാണ് ഇവിടെ. മുപ്പതിലേറെ കച്ചവടക്കാർ നിത്യേന മാർക്കറ്റിൽ എത്തുന്നുണ്ട്. നൂറുകണക്കിനാളുകൾ ഉപഭോക്താക്കളായും എത്താറുണ്ട്. ഒരു വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത് ആസ്ഥാന മന്ദിരത്തിൽ കച്ചവടക്കാർ പല തവണ അറിയിച്ചിട്ടും വാട്ടർ ബിൽ അടയ്ക്കില്ല എന്ന വാശിയിലാണ് അധികൃതരെന്ന് പരാതിയുണ്ട്. ആരോഗ്യ വകുപ്പും ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ല. മഴക്കാലമായാൽ രോഗം പടരുമെന്ന ആശങ്കയിലാണ് കച്ചവടക്കാരും നാട്ടുകാരും. രാത്രിയായാൽ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്ന മാർക്കറ്റിൽ ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യവും അധികൃതർ കേട്ട മട്ടില്ല. നിരവധി സാംസ്‌കാരിക മുന്നേറ്റങ്ങൾക്കും നവോത്ഥാന കൂട്ടായ്മകൾക്കും വേദിയായിട്ടുള്ള നന്ദിയോട് ചന്തയും പരിസരവും ചരിത്ര സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും അധികാരികൾ ചെവിക്കൊള്ളുന്നില്ല. ഈ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.