ഇല്ലായ്മ മറന്ന് മൺകട്ട മുറിയിൽ ഇരുന്ന് പഠിച്ച് ഫുൾ എ പ്ലസ് നേടി

ആര്യനാട്‌: ഒറ്റമുറി കുടിലില്‍ നിന്നും മേഘ പി ജയന്‍ പഠിച്ചുകയറിയത്‌ സൂപ്പര്‍ എ പ്ലസുകളിലേക്ക്‌. ആര്യനാട്‌ ഗ്രാമഞ്ചായത്തിലെ പറണ്ടോട്‌ വലിയകലുങ്ക്‌ മുരുക്കുംമൂട്‌ വീട്ടില്‍ ജയന്‍-പ്രീത ദമ്പതികളുടെ മകള്‍ മേഘ പി ജയനാണ്‌ ഇല്ലായ്‌മകള്‍ക്കിടയില്‍ എല്ലാംമറന്ന്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടി അഭിമാന വിജയം കൈവരിച്ചത്‌.
മണ്‍കട്ട കെട്ടിയ ഒറ്റ മുറിയിലുള്ള വീട്‌. ഇവിടെയാണ്‌ അന്തിയുറക്കം. കൂടാതെ കീറിയ ടാര്‍പ്പയും മറ്റും കൊണ്ട്‌ മറച്ച്‌ ഒരു മുറി കൂടിയുണ്ട്‌. ഇതിനോടു ചേര്‍ന്ന്‌ ചെറിയൊരു അടുക്കളയും.
തകര്‍ന്ന്‌ ചോര്‍ന്നൊലിക്കുന്ന ഒറ്റ കുട ലില്‍പ്പെട്ട വീട്‌ നിലംപൊത്താറായ നിലയിലായി.
ജയന്‍ കൂലിവേല ചെയ്‌താണ്‌ കുടുംബം നോക്കുന്നത്‌. മാതാവ്‌ തൊഴിലുറപ്പ്‌ ജോലിക്ക്‌ പോകുന്നുണ്ട്‌. ഈ ചെറിയ വരുമാനം കൊണ്ടാണ്‌ രണ്ടു പെണ്‍കുട്ടികളുടെ പഠനവും നിത്യചെലവുകള്‍ക്കും കുടുംബം പണം കണ്ടെത്തുന്നത്‌.
മേഘയുടെ അനുജത്തി വര്‍ഷ ഒന്‍പതാം ക്ലാസിലാണ്‌. രണ്ടു പേരും പഠിക്കാന്‍ മിടുക്കികളാണെന്ന്‌ മീനാങ്കല്‍ ഗവ. ട്രൈബല്‍ ഹൈസ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്‌ കെ.എസ്‌.ജയശ്രീ പറഞ്ഞു.
പക്ഷേ കോടികള്‍ വീടിനും മറ്റ്‌ അടിസ്‌ഥാന സൗകര്യങ്ങള്‍ക്കും വാരികോരി വിതറുന്നവര്‍ നിര്‍ധനരെ കണ്ടില്ലെന്നു നടിക്കുന്ന ഭരണത്തിനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ കഷ്‌ടപ്പാടുകളില്‍ ഉഴലുന്നവര്‍ക്ക്‌ മേഘയുടെ ഉന്നതവിജയം അഭിമാനം തന്നെയാണ്‌.