മലയാളി ഇഞ്ചിനിയറെ കപ്പലില്‍ നിന്ന് വീണ് കാണാതായി

മലേഷ്യയിലെ മിയു ഹുവറ്റ് ഷിപ്പിംഗ് എസ് ഡി എന്‍ ബിഎച്ച് ഡി ഷിപ്പിംഗ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച് മിയു ഹുവറ്റ് 3, കപ്പലില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന തിരുവനന്തപുരം അലത്തറ സ്വദേശിയായ ഇന്ദ്രജിത്തിനെ ആണ് കടലില്‍ വീണു കാണാതായത്. ശ്രീകാര്യം അലത്തറ, അലത്തറ വീട്ടില്‍ ലംബോധരന്‍ ജയലത ദമ്പതികളുടെ മൂത്ത മകനാണ്. സഹോദരന്‍ അഭിജിത്ത്. ഇന്നലെ രാവിലെ 9 മണിക്ക് അച്ഛന് ഇന്ദ്രജിത്തിന്റെ ഫോണില്‍ നിന്നും വന്ന കാളില്‍ ആണ് ഇന്ദ്രജിത്ത് കടലില്‍ വീണു എന്നും തിരഞ്ഞു കൊണ്ടിരിക്കുകയാണെന്നും അറിയുന്നത്.

ബി ടെക് പഠനശേഷം കഴിഞ്ഞ ആഗസ്റ്റ്‌ മാസമാണ് ജോലിയില്‍ പ്രവേശിച്ചത്.പാലക്കാട്ടുള്ള മക്കീറ മറൈന്‍ സര്‍വ്വീസ് എന്ന സ്വകാര്യ കമ്പനി വഴിയാണ് മലേഷ്യയില്‍ ജോലിയില്‍ പ്രവേശിച്ചത്. മുന്പ് സഹ ജീവനക്കാരില്‍ ഒരാള്‍ ഇന്ദ്രജിത്തിനെ കടലിലേയ്ക്ക് തള്ളി ഇട്ടിരുന്നു. സുഹൃത്തുക്കളുടെ സഹായത്താൽ രക്ഷപ്പെടുകയായിരുന്നു.കുടുംബ പ്രാരാബ്ദം കാരണം വീണ്ടും അവിടെ തുടരുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോഴുള്ള സംഭവത്തിലും ദുരൂഹതയുള്ളതായി വീട്ടുകാര്‍ സംശയിക്കുന്നു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വഴി മുഖ്യമന്ത്രിയ്ക്കും സമ്പത്ത് എം പി മുഖാന്തിരം മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുക്കുകയാണ്.