മോദിയുടെ പുതിയ ഭരണം തുടങ്ങി : മന്ത്രിസഭയിൽ 6 വനിതകളും 22 പുതുമുഖങ്ങളും

ഡൽഹി: 22 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 58 അംഗ മന്ത്രിസഭ  അധികാരമേറ്റു. കഴിഞ്ഞ മന്ത്രിസഭയിലെന്ന പോലെ രാജ്‌നാഥ് സിംഗ് ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നാണ് സൂചന. അമിത്ഷാ കേന്ദ്ര ധനമന്ത്രി ആകുമെന്നുമാണ് ലഭിക്കുന്ന വിവരം. മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള ഒരേയൊരു അംഗമാണ് ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗവുമായ വി. മുരളീധരന്‍. പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും കുമ്മനം രാജശേഖരനും സുരേഷ് ഗോപിക്കും മന്ത്രിസഭയിൽ ഇടം ലഭിച്ചില്ല. മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ അപ്രതീക്ഷിതമായി മന്ത്രിസഭയിലേക്ക് കടന്നുവന്നത് ശ്രദ്ധേയമായി. കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിയായിരുന്ന ജെ.പി നദ്ദ ബി.ജെ.പി അദ്ധ്യക്ഷനായും ഇത്തവണ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കപ്പെട്ട മേനകഗാന്ധി പ്രൊട്ടെം സ്പീക്കറാകാനും സാധ്യതയുണ്ട്.

നിര്‍മ്മല സീതാരാമന്‍, നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍, സദാനന്ദ ഗൗഡ, നരേന്ദ്രസിംഗ് തോമാര്‍, രവിശങ്കര്‍ പ്രസാദ്, തവാര്‍ ചന്ദ് ഗെലോട്ട്, രമേശ് പൊഖ്രിയാല്‍, അര്‍ജുന്‍ മുണ്ട,ഡോ ഹര്‍ഷ് വര്‍ദ്ധധന്‍, പീയൂഷ് ഗോയല്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്വി, പ്രഹ്ലാദ് ജോഷി, ഡോ മഹേന്ദ്രനാഥ് പാണ്ഡെ എന്നിവരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തവരിൽ പ്രമുഖർ.

വനിതാ പ്രാതിനിധ്യം കൊണ്ടും ശ്രദ്ധേയമാണ് ഇത്തവണത്തെ മന്ത്രിസഭാ രൂപീകരണം. എന്നാൽ 58 അംഗ മന്ത്രിസഭയിൽ ആറ് വനിതകൾക്ക് മാത്രമേ പരിഗണന ലഭിച്ചുള്ളൂ എന്ന് ആക്ഷേപവും ഒകു കോണിൽ ഉയരുന്നുണ്ട്. കഴിഞ്ഞ തവണ മന്ത്രിമാരായിരുന്ന സുഷമാ സ്വരാജ്, മേനകാ ഗാന്ധി, എന്നിവർ ഇത്തവണ മന്ത്രിക്കസേരയിലില്ല. മുൻ ലോക്സഭയിൽ സ്പീക്കറും വനിതയായിരുന്നു. ഇവർക്ക് പകരമായി പുതുമുഖങ്ങളടക്കം ആറു വനിതകളെ പുതിയ സർക്കാരിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ മൂന്ന് പേർക്കാണ് കാബിനറ്റ് പദവിയുള്ളത്. നിർമ്മലാ സീതാരാമൻ, സ്മൃതി ഇറാനി, ഹർസിമ്രത് കൗർ ബാദൽ എന്നിവർക്ക്.

മുൻ മന്ത്രിസഭയിലെ പ്രതിരോധമന്ത്രിയായിരുന്ന നിർമ്മല സീതാരാമനാണ് ഇവരിൽ പ്രഥമ സ്ഥാനം. നരേന്ദ്രമോദി, രാജ്നാഥ്സിംഗ്, അമിത്ഷാ എന്നിവർ കഴിഞ്ഞ് നാലാമതായാണ് നിർമ്മലാ സീതാരാമൻ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്. ഇന്ദിരാ ഗാന്ധിയ്ക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിതാമന്ത്രി എന്ന പദവിയും അവർക്ക് സ്വന്തമാണ്.

ആറ് വനിതകളിൽ ഏറെ താരത്തിളക്കത്തോടെ ക്യാബിനറ്റിലേക്ക് വീണ്ടും എത്തുന്നത് സ്മൃതി ഇറാനിയാണ്. കഴിഞ്ഞ തവണ മൽസരിച്ച് തോറ്റെങ്കിലും ഇത്തവണ കോൺഗ്രസിന്റെ ഭാവി പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചിരുന്ന രാഹുൽ ഗാന്ധിയെ അമേഠിയിൽ അരലക്ഷത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സ്മൃതി സുബിൻ ഇറാനിയുടെ കരുത്തോടെയുള്ള വരവ്. മാത്രമല്ല വർഷങ്ങളായി കോൺഗ്രസ് കുടുംബ സ്വത്ത് പോലെ കൈയ്യടക്കി വച്ചിരുന്ന അമേഠി മണ്ഡലം കൈപ്പിടിയിലൊതുക്കിയാണ് സ്മൃതിയുടെ മന്ത്രിസഭാ പ്രവേശം.

സഖ്യകക്ഷിയായ അകാലി ദൾ നേതാവ് ഹർസിമ്രത് കൗർ ബാദലാണ് മറ്റൊരു വനിതാ മന്ത്രി. കഴിഞ്ഞ സർക്കാരിലെ ഭക്ഷ്യസുരക്ഷാ  മന്ത്രിയായിരുന്നു. ഉത്തർപ്രദേശിലെ ഫത്തേപൂരിനെ പ്രതിനിധീകരിച്ചെത്തിയ സാധ്വി നിരജ്ഞൻ ജ്യോതിയാണ് മറ്റൊരു വനിതാ മുഖം. കഴിഞ്ഞ മന്ത്രിസഭയിൽ ഭക്ഷ്യ സംസ്കരണ വകുപ്പായിരുന്നു കൈകാര്യം ചെയ്തിരുന്നത്.

ചത്തീസ് ഗഡിലെ സർഗുജ മണ്ഡലത്തിൽ നിന്നും തിളക്കമാർന്ന വിജയവുമായി മന്ത്രിസഭയിൽ എത്തിയതാണ് രേണുക സിംഗ് ശാരുത. ഇവിടുത്തെ കോൺഗ്രസ് ആധിപത്യം തകർത്താണ് രേണുക സിംഗിന്റെ വരവ്. പുതുമുഖം ദേബോശ്രീ ചൗധരിയുടെ മന്ത്രിപദത്തിനും ഏറെ തിളക്കമുണ്ട്. ബംഗാളിൽ ബി.ജെ.പി-ക്ക് ആവേശകരമായ വിജയം സമ്മാനിച്ചവരിൽ പ്രധാനിയാണ് സംസ്ഥാനത്തെ പാർട്ടി സെക്രട്ടറികൂടിയായ ദേബോശ്രീ ചൗധരി. റായ്ഗഞ്ചിലെ പ്രതിനിധി ആയാണ് ദേബോശ്രീ ചൗധരി ആദ്യമായി കേന്ദ്രമന്ത്രിസഭയില്‍ എത്തുന്നത്.

ഘടകകക്ഷികൾക്ക് മന്ത്രിസഭയിൽ പരിഗണന നൽകിയെങ്കിലും ചോദിച്ചതത്രയും സ്ഥാനങ്ങൾ കിട്ടാത്തതിൽ പ്രതിഷേധിച്ച് ബീഹാറില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ജെ.ഡി.യു മന്ത്രിസഭയിൽ ചേർന്നില്ല. ഒരു കാബിനറ്റ് മന്ത്രിയും ഒരു സ്വതന്ത്ര ചുമതലയുള്ള മന്ത്രിയും ഒരു സഹമന്ത്രിയും വേണമെന്ന ആവശ്യം ബി.ജെ.പി അംഗീകരിച്ചില്ല. എന്നാല്‍ പ്രതിഷേധമുണ്ടെങ്കിലും സഖ്യകക്ഷിയായി തുടരുമെന്ന് നിതീഷ് കുമാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഘടകകക്ഷി നേതാക്കളായ എല്‍.ജെ.പി പ്രതിനിധി രാംവിലാസ് പാസ്വാന്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒഫ് ഇന്ത്യയുടെ രാംദാസ് അത്താവ്ലെ, ശിരോമണി അകാലിദളിലെ ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്നിവര്‍ മന്ത്രിസഭയില്‍ തുടരും. ശിവസേനയുടെ ഡോ. അരവിന്ദ് ഗണപത് സാവന്ത് പുതുമുഖമായും മന്ത്രിസഭയിൽ എത്തിയിട്ടുണ്ട്.